Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടൂറിസം സ​ങ്കേതങ്ങൾ...

ടൂറിസം സ​ങ്കേതങ്ങൾ നിരവധി; വിനോദ സഞ്ചാര ഭൂപടത്തിലിടം തേടി മാവേലിക്കര

text_fields
bookmark_border
എം.എൽ.എ.യുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു ചാരുംമൂട്: കേരളത്തിൽ ടൂറിസം മേഖല വീണ്ടും സജീവമാകാൻ തുടങ്ങുമ്പോൾ മാവേലിക്കരയും ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം തേടുന്നു. ഓണാട്ടുകരയുടെ സാംസ്കാരിക പൈതൃകവും ചരിത്രപരമായ ഏറെ തിരുശേഷിപ്പുകളും പേറുന്ന മാവേലിക്കരയിൽ പ്രകൃതി ഭംഗി കൊണ്ട്​ ശ്രദ്ധേയമായ നിരവധി പ്രദേശങ്ങളുമുണ്ട്​. ഈ പ്രദേശങ്ങളെ കോർത്തിണക്കി വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കാൻ ഓരോ പ്രദേശത്തെയും സാധ്യതകൾ പരിശോധിച്ച് പ്രയോജനപ്പെടുത്താൻ കഴിഞ്ഞ ദിവസം എം.എസ്. അരുൺകുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കൂടിയ അവലോകനയോഗം തീരുമാനിച്ചിരുന്നു. പ്രകൃതി സ്​നേഹികൾക്കും പക്ഷി നിരീക്ഷകർക്കും ഏറെ ഇഷ്ടപ്പെട്ട മേഖലയാണ് ദേശാടന പക്ഷികളുടെ പറുദീസയായ നൂറനാട്, പാലമേൽ പ്രദേശങ്ങൾ. പാലമേൽ പഞ്ചായത്തിലെ ഇക്കോ ടൂറിസം സാധ്യതയും കരിങ്ങാലിപ്പുഞ്ചയുടെ പ്രകൃതിരമണീയതയും പ്രയോജനപ്പെടുത്തിയാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം. വിനോദ സഞ്ചാര കേന്ദ്രമായി ടൂറിസം വകുപ്പ് വികസിപ്പിച്ചെടുത്ത താമരക്കുളം വയ്യാങ്കരചിറ നിലവിൽ പ്രകൃതി സ്നേഹികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്​. താമരക്കുളം ഇരപ്പൻപാറ വെള്ളച്ചാട്ടവും സഞ്ചാരികളെ കൂടുതൽ ആകർഷിക്കും. മാവേലിക്കര ടി.കെ. മാധവൻ സ്മാരക നഗരസഭ പാർക്കിനുപിന്നിലെ സ്ഥലം പ്രയോജനപ്പെടുത്തി കുട്ടവഞ്ചിയാത്രയും മണ്ഡപത്തിൻകടവിൽ വിനോദ ഉദ്യാനം തുടങ്ങുകയും അന്യംനിന്നുപോകുന്ന കലാരൂപങ്ങൾ സംരക്ഷിച്ച് സഞ്ചാരികൾക്കായി പ്രയോജനപ്പെടുത്തുകയുമാവാം. ചെട്ടികുളങ്ങര, പടനിലം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും കെട്ടുകാഴ്ചകളും ഏറെ പ്രസിദ്ധമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കെട്ടുകാളകൾ അണിനിരക്കുന്ന പടനിലം ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറനാട്ട് നന്ദികേശ പൈതൃകഗ്രാമമെന്ന സ്വപ്​നം യാഥാർഥ്യമായാൽ വിനോദ സഞ്ചാര ഭൂപടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടും. ആക്കനാട്ടുകര മാക്രിമട കേന്ദ്രീകരിച്ച്​ നാലുമണിക്കാറ്റുപോലുള്ള വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുകയും വെട്ടിയാർ കോട്ടേമല പ്രദേശത്തെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയും മുടങ്ങിപ്പോയ വെട്ടിക്കോട്ട് ചാൽ ടൂറിസംപദ്ധതി നടപ്പാക്കണമെന്നും നിർദേശങ്ങൾ ഉയർന്നു. ടി.എ കനാലിന്‍റെ തീരം ബലപ്പെടുത്തി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്നും കല്ലിമേൽ പള്ളിക്കുസമീപം അച്ചൻകോവിലാറ്റിൽ പാറക്കെട്ടുകളുള്ള ആഴംകുറഞ്ഞ ഭാഗത്ത്‌ ടൂറിസം പദ്ധതിയൊരുക്കണമെന്നും മാവേലിക്കര താലൂക്കിലെ സാംസ്കാരികകേന്ദ്രങ്ങളെയും പ്രതിഭകളെയും വരുംതലമുറക്ക്‌ അടുത്തറിയാൻ സാധിക്കുംവിധം ചരിത്ര, പൈതൃക ഡിജിറ്റൽരേഖ തയാറാക്കണം തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. സാംസ്കാരിക, പൈതൃക, തീർഥാടക, ഗ്രാമീണ, ഫാംടൂറിസം പദ്ധതികൾ മാവേലിക്കര ടൂറിസം സർക്യൂട്ട് നടപ്പാക്കുന്നതോടെ യാഥാർഥ്യമാകുമെന്നും ചർച്ചയിലുയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച്‌ വകുപ്പുതലത്തിൽ സമർപ്പിക്കുമെന്നും അതിനുമുന്നോടിയായി ഓരോ പ്രദേശത്തെയും സാധ്യത പരിശോധിക്കുമെന്നും എം.എൽ.എ. പറഞ്ഞു. മാവേലിക്കരയെ ടൂറിസം സർക്യൂട്ടായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. അരുൺകുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് മന്ത്രിയുടെ മറുപടിയിൽ ഓണാട്ടുകര മേഖലയിൽ പെട്ട മാവേലിക്കരയും സമീപ പ്രദേശങ്ങളും വിനോദ സഞ്ചാര മേഖലക്ക് ഏറെ സാധ്യതയുള്ളതായാണ്​ വിലയിരുത്തുന്നതെന്ന്​ പറഞ്ഞിരുന്നു. തുടർന്നാണ് യോഗം വിളിച്ചു ചേർത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story