Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:28 AM IST Updated On
date_range 25 Dec 2021 5:28 AM ISTഗതാഗതക്കുരുക്ക്: ശവക്കോട്ട പാലത്തിെൻറ വടക്കേക്കര തൽക്കാലം തുറക്കും
text_fieldsbookmark_border
ഗതാഗതക്കുരുക്ക്: ശവക്കോട്ട പാലത്തിൻെറ വടക്കേക്കര തൽക്കാലം തുറക്കും ആലപ്പുഴ: ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ ശവക്കോട്ട പാലത്തിൻെറ വടക്കേക്കര അടുത്തയാഴ്ച താൽക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടുക്കും. വഴിച്ചേരിയിലെ തകർന്ന കലുങ്ക് വീതികൂട്ടി നിർമിക്കുന്ന ജോലി നടക്കുകയാണ്. ഇക്കാരണത്താൽ ശവക്കോട്ട പാലത്തിൽനിന്ന് കിഴക്കോട്ട് വഴിച്ചേരി, വൈ.എം.സി.എ, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കോൺവൻറ്, വഴിച്ചേരി വഴി ചുറ്റി വേണം പോകാൻ. ശവക്കോട്ട പാലത്തിൻെറ വീതികൂട്ടൽ നടപടി പൂർത്തിയായിട്ടും ഇരുകരയിലുംകൂടി ഗതാഗതം നടത്താൻ കഴിയാത്തതും കൊമ്മാടി പാലത്തിൻെറ നിർമാണം നീളുന്നതും ജനങ്ങൾക്ക് ദുരിതമായി. ആലോചനയില്ലാതെ വഴിച്ചേരിയിൽ കലുങ്ക് പൊളിച്ച് നിർമാണം തുടങ്ങുകയും ചെയ്തു. ട്രാഫിക് പൊലീസ് ഇക്കാര്യം കരാറുകാരുടെ ശ്രദ്ധയിൽപെടുത്തിയതോടെ ശവക്കോട്ട പാലത്തിൻെറ വടക്കേക്കരയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ താൽക്കാലികമായി സൗകര്യം ഒരുക്കുന്നതിനോട് കരാറുകാർ യോജിച്ചു. പാലത്തിൻെറ അനുബന്ധ റോഡ് നിർമാണവും മട്ടാഞ്ചേരി പാലം വരെ റോഡ് ഉയർത്തലും പൂർത്തിയാകണമെങ്കിൽ ഇനിയും വൈകും. ഇരുകരയിലും ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ ഉടമകൾക്ക് ലഭിക്കേണ്ട പ്രതിഫലം സംബന്ധിച്ച് പരാതി നിലനിൽക്കുകയാണ്. അതുവരെ ഗതാഗതക്കുരുക്ക് നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ശവക്കോട്ട പാലത്തിൻെറ വടക്കേക്കരയിലെ തടസ്സങ്ങൾ നീക്കി ഗതാഗത സൗകര്യമൊരുക്കുക. പായൽ നീക്കിയില്ല; നെൽകൃഷി ഉപേക്ഷിക്കാൻ കർഷകർ മാന്നാർ: അപ്പർ കുട്ടനാട്ടിലെ കുരട്ടിശ്ശേരി പുഞ്ചയിൽ ജലസേചന സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. 1400 ഏക്കറോളമുള്ള പുഞ്ചയിൽ ജലസേചനത്തിന് ഇലമ്പനംതോട്ടിലെ പായൽ നീക്കംചെയ്യാമെന്ന ഉറപ്പ് പഞ്ചായത്തും കൃഷിഭവനും പാലിക്കാത്തതാണ് കാരണം. ഇതിൽ പ്രതിഷേധിച്ച് നെൽവിത്ത് തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പാടശേഖരസമിതി പഞ്ചായത്തിലും കൃഷിഭവനിലും നിവേദനം നൽകി. പായൽ നീക്കംചെയ്യാമെന്ന ഉറപ്പിലാണ് കൃഷിക്ക് ഒരുക്കം ആരംഭിച്ചതെന്നും എന്നാൽ, പായൽ കാര്യമായി ഇല്ലാത്ത ഒന്ന്, രണ്ട് വാർഡുകളിൽ മാത്രം പായൽ വാരിയിട്ട് എസ്റ്റിമേറ്റ് തീർന്നെന്നുപറഞ്ഞ് മൂന്ന്, നാല് വാർഡുകളിലെ പായൽ നീക്കംചെയ്തില്ലെന്നും കർഷകർ ആരോപിച്ചു. ഈ സാഹചര്യത്തിൽ നൽകിയ നെൽവിത്ത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പാടശേഖരസമിതി സെക്രട്ടറിമാരായ ബിജു ഇക്ബാൽ(വേഴത്താർ), വിജയകുമാർ(കണ്ടങ്കേരി), ഷുജാഹുദ്ദീൻ(കുടവെള്ളാരി- ബി), ടി. തങ്കച്ചൻ(കുടവെള്ളാരി- എ), ജോസ്(അരിയോടിച്ചാൽ), രവീന്ദ്ര കൈമൾ(നാലുതോട്) എന്നിവരാണ് നിവേദനം നൽകിയത്. അതിനിടെ, അസൗകര്യങ്ങളും പ്രതിസന്ധികളും സഹിച്ച് ഈ വർഷവും കൃഷി ചെയ്യുകയാണ് മാന്നാർ ഇടപ്പുഞ്ച പടിഞ്ഞാറ് പാടശേഖരത്തിലെ കർഷകർ. ഇതിന് വേനൽ കൃഷിക്ക് നിലമൊരുക്കൽ തുടങ്ങി. 65 ഏക്കർ പാടശേഖരത്തിൽ മുക്കാൽ ഭാഗത്തോളം കാക്കപ്പോള, പായൽ, മറ്റു ജലസസ്യങ്ങൾ, മാലിന്യം എന്നിവ നിറഞ്ഞുകിടക്കുകയാണ്. നിലം തരിശിടാൻ കർഷകർക്ക് താൽപര്യമില്ലാത്തതിനാലാണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇവ നീക്കം ചെയ്തുതുടങ്ങിയത്. പാടശേഖരത്തിലെ ബണ്ടുകളെല്ലാം ബലപ്പെടുത്തി വെള്ളിയാഴ്ച പമ്പിങ്ങും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story