Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:33 AM IST Updated On
date_range 16 Nov 2021 5:33 AM ISTചികിത്സാ പിഴവ്: ഡോക്ടറുടെ വിശദീകരണം തള്ളി മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: ഒന്നിലധികം ഒടിവ് സംഭവിച്ച കൈക്ക് ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിൽ ഡോക്ടറുടെ വിശദീകരണം വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീന കുമാരി. പുന്നപ്ര സ്വദേശി എം.എച്ച്. ബിജുവിൻെറ പരാതിയിൽ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരെയാണ് കമീഷൻ പരാമർശം. ബൈക്ക് അപകടത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതാണ് ബിജു. ഇടതുകൈക്ക് പ്ലാസ്റ്റർ ഇട്ട ശേഷം ഡോക്ടർ വിട്ടയച്ചു. വേദന കുറയാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് കൈ പൂർവസ്ഥിതിയിലായത്. വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ടിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. ഡോക്ടറുടെ നടപടി ശാസ്ത്രീയവും സ്വീകാര്യവുമാണെന്നാണ് റിപ്പോർട്ടിൽ. ആദ്യം യു സ്ലാബ് ഇട്ടു. 40 ദിവസങ്ങൾക്ക് ശേഷം ബാഗിട്ടു. 25 വർഷമായി ഡോക്ടർ പിന്തുടരുന്ന ചികിത്സാ രീതിയാണ് ഇതെന്ന് സൂപ്രണ്ട് അറിയിച്ചു. എന്നാൽ, പുതിയ ചികിത്സാ രീതികൾ സ്വീകരിക്കാത്തതാണ് ഡോക്ടറുടെ പിഴവെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതി ചികിത്സാ പിഴവായതിനാൽ ഉപഭോക്തൃ കമീഷനെ സമീപിക്കാൻ കമീഷൻ പരാതിക്കാരന് നിർദേശം നൽകി. --------- ഹൈവേ വികസനം: വ്യാപാരികളെ പുനരധിവസിപ്പിക്കണം -രാജു അപ്സര ആലപ്പുഴ: ഹൈവേ വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുകയോ അർഹമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നും അല്ലാതെ അവർ ഒഴിഞ്ഞുകൊടുക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്ത് വാടകക്കാരൻ നടത്തിയ നിർമാണങ്ങൾക്കുപോലും പ്രതിഫലം കൈപ്പറ്റുന്നത് വസ്തു ഉടമകളാണ്. ജില്ല സെക്രേട്ടറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി വി. സബിൽ രാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ വർഗീസ് വല്ലാക്കൽ, കെ.എസ്. മുഹമ്മദ്, യു.സി. ഷാജി, എ.എം. ഷെരീഫ്, പ്രതാപൻ സൂര്യാലയം, ഹരി നാരായണൻ, ജില്ല സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ, ടോമി പുലിക്കാട്ടിൽ, സുനീർ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story