Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎക്സൽ ഗ്ലാസിൽനിന്ന്​...

എക്സൽ ഗ്ലാസിൽനിന്ന്​ മണലെടുത്ത് നിലം നികത്തുന്നു

text_fields
bookmark_border
മാരാരിക്കുളം: എക്സൽ ഗ്ലാസിൽനിന്ന്​ വൻതോതിൽ മണൽ കടത്തുന്നതായി പരാതിയുന്നയിച്ച പഞ്ചായത്ത് അംഗത്തിന്‍റെ വാർഡിൽ തന്നെ എക്സൽ ഗ്ലാസിൽനിന്നുള്ള മണലെടുത്ത് നിലം നികത്തുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എട്ടാം വാർഡിലെ നിലമാണ് നികത്തുന്നത്. ദീർഘകാലമായി പ്രവർത്തനം നിലച്ചിരുന്ന സംസ്ഥാനത്തെ ഏക ഗ്ലാസ് വ്യവസായശാലയായ എക്സൽ ഗ്ലാസിലെ കെട്ടിടങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കിയവരുടെ ഒത്താശയിലാണ് ഇവിടെ നിന്നുള്ള വൻതോതിലുള്ള മണലൂറ്റ് നടന്നുവരുന്നത്. ഇതിനെതിരെ റവന്യൂ മന്ത്രിക്കും ജില്ലയിലെ പ്രമുഖ റവന്യൂ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത്​ അംഗം ടി.പി. ഷാജി പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസം മൈനിങ് ആൻഡ്​​ ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ ഇവിടെ പരിശോധനക്ക്​ എത്തിയിരുന്നു. പരിശോധന നടക്കുമ്പോൾ ഈ രംഗങ്ങൾ ഫോണിൽ ചിത്രീകരിച്ചതിന് മണൽ കടത്തുകാർ പരിശോധകസംഘത്തിന്റെ മുന്നിൽവെച്ചു തന്നെ പരാതിക്കാരനെ കൈയേറ്റം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരന്റെ മൂക്കിനുതാഴെ തന്നെ അനധികൃതമായി കടത്തിയ മണൽകൊണ്ട് നിലം നികത്തൽ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചുനാൾ മുമ്പ്​ ഇവിടെ പൂഴി മണൽ ഇറക്കിയപ്പോൾ പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിനാട്ടി നികത്തൽ തടഞ്ഞിരുന്നു. എന്നാൽ, ശനിയാഴ്ച എക്സൽ ഗ്ലാസിൽനിന്നുള്ള നിരവധി മണൽ ലോഡുകൾ എത്തിച്ച ശേഷം മണ്ണുമാന്തി ഉപയോഗിച്ച് വേഗത്തിൽ ഇത് നികത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി എക്സൽ ഗ്ലാസിലെ വിവിധ ഉൽപന്നങ്ങളും യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നേരത്തേ തന്നെ ലേലത്തിലൂടെ കൈമാറിയിരുന്നു. ഇതിന്‍റെ ഭാഗമായി മൂന്ന് മാസമായി കെട്ടിടം പൊളിക്കുന്നതും തുടങ്ങിയിരുന്നു. ഈ കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുപോകുന്നതിന്‍റെ മറവിലാണ് വൻ വിലമതിപ്പുള്ള മണലൂറ്റും നടന്നുവരുന്നത്. പരാതി അന്വേഷിക്കാൻ വകുപ്പുമന്ത്രി തന്നെ ജില്ല ഭരണകൂടത്തെ ചുമതലപ്പെടുത്തിയിരിക്കുന്നതിനിടയാണ് മണൽക്കൊള്ള തുടരുന്നത്. പടം: എക്സൽ ഗ്ലാസിൽനിന്ന്​ കൊണ്ടുവന്ന മണൽകൊണ്ട് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എട്ടാം വാർഡിലെ നിലം നികത്തുന്നു
Show Full Article
Next Story