Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 6:35 PM GMT Updated On
date_range 21 Aug 2022 6:35 PM GMTഅഴകിന്‍റെ ചിറകുവിടർത്തി 'പുരാതനകെട്ടിടങ്ങൾ'
text_fieldsbookmark_border
Attn: ഗ്രാമഭംഗി-പ്രതിവാരപംക്തി അരൂർ: എഴുപുന്ന ഗ്രാമത്തിന്‍റെ അഴകാണ് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഈ പുരാതനരമ്യഹർമങ്ങൾ. പാറായിൽ തരകൻമാരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പോർചുഗൽ-ഡച്ച് മാതൃകയിൽ വർഷങ്ങൾ ഏറെയെടുത്ത് നിർമിച്ച കൊട്ടാരതുല്യമായ വീടുകൾ എഴുപുന്നയിൽ നിരവധിയുണ്ട്. എഴുപുന്ന പാറായിക്കവലയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് റാഫേൽസ് പള്ളി പുരാവസ്തു വകുപ്പ് നിലനിർത്തിയിരിക്കുകയാണ്. പള്ളിയുടെ ഇരുവശങ്ങളിലും കാണുന്ന തരകൻമാരുടെ വീടുകൾ വലുപ്പംകൊണ്ടും രൂപഭംഗി കൊണ്ടും കാഴ്ചക്ക് ഇമ്പമേകുന്നവയാണ്. ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് തൃശൂർ, പാഴൂർ ദേശത്ത് നിന്ന് പലായനം ചെയ്ത പുരാതന ക്രൈസ്തവകുടുംബങ്ങൾ ചേർത്തല താലൂക്കിലെ വേമ്പനാട് കായൽത്തീരത്തെ തൈക്കാട്ടുശ്ശേരി പ്രദേശത്ത് തമ്പടിച്ചെന്നാണ് ചരിത്രം. മരുഭൂമി പോലെ കിടന്ന പ്രദേശത്ത് തെങ്ങിൻ കൃഷി നടത്തിയായിരുന്നു തുടക്കം. പിന്നീട്, തിരുവിതാംകൂർ രാജ്യത്തെ മന്ത്രിസഭയിൽപോലും അംഗങ്ങളാകാൻ ഈ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മഹാരാജാവായിരുന്ന ബാലരാമവർമയുടെ വാണിജ്യകാര്യ മന്ത്രിയായിരുന്ന മാത്യു തരകൻ പാറായി കുടുംബാംഗമാണ്. കിഴക്കൻ മേഖലയിലെ മലഞ്ചരക്കുകൾ അറബിക്കടൽ വഴി വിദേശത്തേക്ക് കയറ്റി അയക്കാൻ ആലപ്പുഴയുടെ കടലോരത്തേക്ക് വലിയ വള്ളങ്ങളെത്താൻ കനാലുകൾ നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയതും മാത്യു തരകനായിരുന്നു. തൈക്കാട്ടുശ്ശേരി മൂല കുടുംബത്തിൽനിന്ന് പിൻതലമുറക്കാർ ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് എഴുപുന്നയിൽ താമസം തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് കേരളത്തിൽ ക്രിസ്തീയ ദേവാലയങ്ങൾ നിർമിക്കുന്ന നിർമാണരീതി തന്നെയാണ് വീടുകൾക്കുമുണ്ടായിരുന്നത്. തേക്ക്, ഈട്ടി, ആഞ്ഞിലി തുടങ്ങിയ വമ്പൻ വൃക്ഷങ്ങളുടെ തടികളിൽ തീർത്ത വാതിലുകളും ജനലുകളും വമ്പൻ തീൻമേശയും കട്ടിലുകളും ഫർണിച്ചറുകളും മച്ചുമെല്ലാം അമ്പരപ്പിക്കുന്നതാണ്. ചുട്ടുപൊള്ളുന്ന വേനലിലും വീടിന്‍റെ അകത്തളങ്ങളിൽ കുളിരേകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പുരാതന വാസ്തു വൈദഗ്ധ്യത്തിന് കഴിയും. തെങ്ങിൻതോപ്പുകളും ഹെക്ടർകണക്കിന് നെൽവയലുകളും കുടുംബസ്വത്തായുണ്ടായിരുന്ന കാലത്ത് ഇത്തരം വലിയ വീടുകൾ ആവശ്യമായിരുന്നു. എന്നാൽ, പിന്മുറക്കാർ പുത്തൻ തൊഴിലിടങ്ങൾ തേടി പോവുകയും കുടുംബാംഗങ്ങൾക്ക് സ്വത്തുക്കൾ വീതം വെക്കുകയും കൃഷിഅന്യമാവുകയും ചെയ്തതോടെ വമ്പൻ വീടുകളിലും പഴയപോലെ നിറയെ താമസക്കാരില്ലാതായി. എഴുപുന്നയിലെ പല വീടുകളും ഇപ്പോൾ സിനിമ ഷൂട്ടിങ്ങിന്റെ ലൊക്കേഷനുകളാണ്. മറ്റു ചിലത് വിനോദസഞ്ചാരികൾക്കുള്ള പാർപ്പിടങ്ങളാണ്. എങ്ങനെയാണെങ്കിലും നൂറ്റാണ്ടുകൾ ഇനിയും നിലനിൽക്കുന്ന ഈ മനോഹരമായ സൗധങ്ങൾ എഴുപുന്നഗ്രാമത്തിന്‍റെ സമ്പത്തും ഭാഗ്യവുമാണ്. കെ.ആർ. അശോകൻ APL ezhupunna veedu എഴുപുന്നയിലെ പ്രൗഢഗംഭീരമായ വീടുകളിലൊന്ന്
Next Story