Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:56 PM GMT Updated On
date_range 18 Aug 2022 6:56 PM GMTസി.പി.എം സമ്മേളനത്തിലെ വിഭാഗീയത: കമീഷൻ തെളിവെടുപ്പ് നടത്തി
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ സി.പി.എം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കാൻ നിയോഗിച്ച പാർട്ടി കമീഷൻ തെളിവെടുപ്പ് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരടങ്ങുന്ന കമീഷനാണ് തെളിവെടുപ്പ് നടത്തിയത്. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേളനങ്ങളിലുണ്ടായ ചേരിതിരിവും വിഭാഗീയതയുമാണ് പ്രധാനമായും അന്വേഷിച്ചത്. വിഭാഗീയതയുണ്ടായ നാല് ഏരിയകളിൽനിന്ന് 70 ലധികംപേരിൽനിന്നാണ് വ്യാഴാഴ്ച വിവരങ്ങൾ ശേഖരിച്ചത്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കൃഷ്ണപിള്ള സ്മാരകത്തിൽവെച്ച് നടത്തിയ തെളിവെടുപ്പിൽ ഹരിപ്പാട്, തകഴി, ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയസമ്മേളനത്തിന്‍റെ ചുമതലക്കാരായ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുമായും ചർച്ചനടത്തി. സ്വാധീനിക്കാനും പരാജയപ്പെടുത്താനും ശ്രമിച്ചതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാർ കമീഷന് മുന്നിൽ ഹാജരാക്കി. ആലപ്പുഴയിലെ വിഭാഗീയത പൂർണമായും ഒഴിവാക്കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമീഷൻ ജില്ലയിൽ തെളിവെടുപ്പിന് എത്തിയത്. നാല് ഏരിയകളിലെ തെളിവെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് കമീഷൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറും. ആലപ്പുഴ നോർത്തിലെ ഏരിയ സമ്മേളനം തർക്കത്തെ തുടർന്ന് ഒരു മണിക്കൂറോളം നിർത്തിവെച്ചിരുന്നു. ആലപ്പുഴ സൗത്തിലും ഹരിപ്പാടും ഒരുവിഭാഗത്തെ പൂർണമായും തോൽപിച്ചു. തകഴിയിലും ചേരിതിരിഞ്ഞ് മത്സരം നടന്നു. നിരവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പശ്ചാത്തലത്തിലാണ് കമീഷനെ നിയോഗിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങൾ, പരാതി നൽകിയവർ എന്നിവരിൽനിന്നാണ് വിവരങ്ങൾ തേടിയത്. തെളിവെടുപ്പിന്‍റെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കണക്കിലെടുത്ത് ഈ ഏരിയ കമ്മിറ്റികളിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മത്സരത്തിലൂടെ പുറത്തായ ചിലരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയേക്കും. ഹരിപ്പാട് ഏരിയ കമ്മിറ്റിയിലാണ് വിഭാഗീയത കൂടുതൽ പ്രകടമായത്. ഇവിടെ മത്സരമുണ്ടായപ്പോൾ ഔദ്യോഗിക പാനലിലെ ഏഴുപേർ തോറ്റിരുന്നു. ആലപ്പുഴ സൗത്തിൽ വിഭാഗീയ നീക്കങ്ങളിലൂടെ അഞ്ചുപേരെ ഒഴിവാക്കിയെന്ന് പരാതിയുണ്ടായി. തകഴിയിലും മാന്നാറിലും കടുത്ത മത്സരമുണ്ടായതും കമീഷൻ പരിശോധിച്ചു.
Next Story