Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2022 6:56 PM GMT Updated On
date_range 16 Aug 2022 6:56 PM GMTജനാധിപത്യത്തിന്‍റെ കാവല്‍ ഭടന്മാരാകുക -മന്ത്രി പി. പ്രസാദ്
text_fieldsbookmark_border
നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു ആലപ്പുഴ: ജനാധിപത്യത്തിന്‍റെ കാവല്‍ഭടന്മാരാകാന്‍ ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്ന് മന്ത്രി പി. പ്രസാദ്. രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലതല ആഘോഷച്ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഓരോ പൗരനും അഭിമാനത്തിന് വക നല്‍കുന്നതാണ്. ഐതിഹാസികമായ ഈ പ്രയാണത്തിന് ഇപ്പോഴും പ്രതിസന്ധികള്‍ ഉയരുന്നുണ്ട്. ഇവയെ അതിജീവിക്കാൻ ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യം കാത്തുസംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ നമുക്ക് കഴിയണം. ദേശസ്നേഹം എന്നാല്‍, കേവലം ഒരുപ്രദേശത്തോടുള്ള സ്നേഹമല്ല, നാടിനോടും ജനതയോടും പ്രകൃതിയോടുമുള്ള സ്നേഹമാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനത്തെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. പരേഡ് പരിശോധിച്ച മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ചേര്‍ത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ വിനോദ് കുമാര്‍ പരേഡ് കമാന്‍ഡറായി. പൊലീസ്, എക്സൈസ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്സ്, ബുൾ ബുള്‍, സ്‌കൂള്‍ ബാന്‍ഡ് എന്നിവയുടേത് ഉള്‍പ്പെടെ 20 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകള്‍ക്കും എല്ലാ പ്ലാറ്റൂണുകളും നയിച്ചവര്‍ക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു. ആലപ്പുഴ ജ്യോതിനികേതന്‍ സ്‌കൂളിലെ സാവ്യ ബെന്നും സംഘവും ദേശഭക്തിഗാനം അവതരിപ്പിച്ചു. എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, നഗരസഭ ചെയര്‍പേഴ്‌സൻ സൗമ്യരാജ്, കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, നഗരസഭ കൗണ്‍സിലര്‍മാരായ റീഗോരാജു, എം.ആര്‍. പ്രേം, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആവേശം പകര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷം ആലപ്പുഴ: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വിപുലമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ആവേശമായി. ജില്ലതല ആഘോഷച്ചടങ്ങ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ വന്‍ ജനാവലിയെത്തി. ദേശീയപതാക വീശിയും ഹര്‍ഷാരവം മുഴക്കിയും ജനം മാര്‍ച്ച്പാസ്റ്റിന് പിന്തുണയറിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ കബ്സ്, ബുള്‍ ബുള്‍ പ്ലാറ്റൂണുകളില്‍ അണിനിരന്ന കുട്ടികള്‍ നിറഞ്ഞ കൈയടി നേടി. പരേഡിലെ മികവിനുള്ള പുരസ്കാരം ആംഡ് വിഭാഗത്തില്‍ എസ്.ഐ ഹരിശങ്കര്‍ നയിച്ച ലോക്കല്‍ പൊലീസ് പ്ലാറ്റൂണ്‍ നേടി. എന്‍.സി.സി വിഭാഗത്തില്‍ മിധുന്‍ എം. നായരുടെ നേതൃത്വത്തിലുള്ള എസ്.ഡി കോളജ് സീനിയര്‍ ബോയ്സ് പ്ലാറ്റൂണും സ്കൗട്ട് വിഭാഗത്തില്‍ സിനാജ് നയിച്ച ലിയോ തെര്‍ട്ടീന്ത് എച്ച്.എസ്.എസ് പ്ലാറ്റൂണും ഗൈഡ്സ് വിഭാഗത്തില്‍ ഇസ സജിമോന്‍ ലീഡറായ സെന്‍റ് ആന്റണീസ് എച്ച്.എസ് പ്ലാറ്റൂണും സമ്മാനം നേടി. അക്ഷയ ജോഷ് നയിച്ച ലിയോ തെര്‍ട്ടീന്ത് എല്‍.പി.എസ് പ്ലാറ്റൂണും സഫ്‌റയുടെ നേതൃത്വത്തിലുള്ള സെന്റ് ജോസഫ്‌സ് എല്‍.പി.എസ് പ്ലാറ്റൂണും യഥാക്രമം കബ്സ്, ബുള്‍ ബുള്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹമായി. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എസ്.പി.സി പ്ലാറ്റൂണിനെ നയിച്ച കെ.എസ്. പൂജയാണ് മികച്ച പ്ലാറ്റൂണ്‍ കമാന്‍ഡര്‍. മികച്ച ബാന്‍ഡ് ട്രൂപ്പായി ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിനെ തെരഞ്ഞെടുത്തു. പരേഡ് കമാന്‍ഡറായ ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിനോദ്കുമാറിനും സായുധസേന പതാക ദിനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വിദ്യാഭ്യാസ ഇതര വിഭാഗത്തില്‍ രജിസ്ട്രാര്‍ സഹകരണ സംഘം ആലപ്പുഴ എന്നിവക്കും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി. APL prasad flag ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തുന്നു APL prasad parade ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി പി. പ്രസാദ് പരേഡ് പരിശോധിക്കുന്നു
Next Story