Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:11 AM IST Updated On
date_range 14 Aug 2022 12:11 AM ISTഫാർമസിസ്റ്റുമാർ കുറവ്; മരുന്ന് കിട്ടാൻ മണിക്കൂറുകൾ ക്യൂവിൽ
text_fieldsbookmark_border
ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിന് പുറമെ മരുന്ന് എടുത്ത് നൽകാൻ ഫാർമസിസ്റ്റുമാർ ഇല്ലെന്നതും രോഗികളെ വലക്കുന്നു. രോഗികൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ് മിക്കവാറും സർക്കാർ ആശുപത്രികളിലൊക്കെ. ഇരിപ്പിടം പോലുമില്ലാത്ത ഫാർമസികൾക്ക് മുന്നിൽ ഏറെനേരംനിന്ന് കുഴയുകയാണ് പലരും. ജില്ലയിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും ഉൾപ്പെടെ ആശുപത്രികളിലാണ് ദുരിതം. വൈകുന്നേരംവരെ ഒ.പിയുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും കുറഞ്ഞത് മൂന്നു ഫാർമസിസ്റ്റുകളെങ്കിലും വേണം. പലയിടത്തും ഒരാളേയുള്ളൂ. ഊണ് സമയത്ത് കഴിക്കാനോ അവധി എടുക്കാനോ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇവർ. കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയെടുത്തില്ല. കുറത്തികാട്, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താമരക്കുളം, ദേവികുളങ്ങര, വീയപുരം, ആര്യാട് തുടങ്ങിയ കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഇരുപതിലധികം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഒരാളേയുള്ളൂ. രണ്ടുപേരെങ്കിലും വേണ്ടിടത്താണിത്. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി വൈകുന്നേരം ഒ.പി. തുടങ്ങിയിടത്ത് പോലും ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ചിട്ടില്ല. 1962-ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും ആശുപത്രികളുടെ പ്രവർത്തനം. അന്ന് 50 മരുന്നുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ 500 മരുന്നുകളായി. മറ്റ് ജോലികളുമുണ്ട്. വിതരണം ചെയ്യുന്ന മരുന്നുകൾ ഏതൊക്കെയെന്ന് രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തവും ഫാർമസിസ്റ്റുമാർക്കാണ്. ഇത്രയും സമയം രോഗികൾ കാത്തിരിക്കണം. പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ജോലികൾ, ഓൺലൈൻ ശൃംഖലയിൽ മരുന്നുകളുടെ വിവരം ചേർക്കൽ, മാനസികാരോഗ്യപരിപാടിയുടെ മരുന്നുവിതരണം തുടങ്ങിയവയും ഒ.പി. സമയം കഴിഞ്ഞ് നൽകണം. വെളിയനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ രണ്ടു ഫാർമസിസ്റ്റ് തസ്തികയുണ്ട്. രണ്ടും ഒഴിഞ്ഞുകിടക്കുന്നു. ആഴ്ചയിൽ മൂന്നുദിവസം ഇവിടെ മരുന്നുനൽകാൻ പുളിങ്കുന്നുനിന്ന് ഫാർമസിസ്റ്റ് വരും. മറ്റു ദിവസങ്ങളിൽ മരുന്ന് വിതരണം പ്രതിസന്ധിയിലാണ്. മാന്നാർ, ചേപ്പാട്, പുന്നപ്ര തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിലും മരുന്നുകൊടുക്കാൻ ഒരാൾ പോലുമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് കാലത്ത് സർക്കാർ ആശുപത്രികളിൽ 35 ഫാർമസിസ്റ്റുമാരെ താൽക്കാലികമായി നിയമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇവരെ പിൻവലിച്ചതാണ് കുഴപ്പമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story