Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:04 AM IST Updated On
date_range 13 Aug 2022 12:04 AM ISTക്ഷേമ പെൻഷൻ കുടിശ്ശികയായി; മരുന്ന് മുടങ്ങിയും കടംകയറിയും വയോധികർ...
text_fieldsbookmark_border
ആലപ്പുഴ: ഓണക്കാലം അടുത്തപ്പോൾ ക്ഷേമ പെൻഷൻ മുടങ്ങിയത് ഒട്ടേറെ കുടുംബങ്ങളെ വിഷമിപ്പിക്കുന്നു. പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് കഴിയുന്നവരും രോഗികൾ ഉൾപ്പെടെയുള്ളവരുമാണ് ദുരിതത്തിൽ. ഓണത്തിന് കുടിശ്ശിക തീർത്ത് കിട്ടുമെന്ന പ്രതീക്ഷയിലാണ് പെൻഷൻകാർ. പലയിടത്തും രണ്ടു മാസത്തെ പെൻഷൻ മുടങ്ങിയിട്ടുണ്ട്. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് മുടങ്ങാൻ കാരണമെന്ന് തദ്ദേശ ഭരണ സ്ഥാപന അധികൃതർ പറയുന്നു. ഒന്നോ രണ്ടോ മാസത്തെ കുടിശ്ശികയാണുള്ളതെന്നും ഇതിനെ പെൻഷൻ മുടക്കമെന്ന് പറയാനാകില്ലെന്നുമാണ് പല ജനപ്രതിനിധികളുടെയും അഭിപ്രായം. മുമ്പ് ആറും ഏഴും മാസത്തെ കുടിശ്ശികയുണ്ടായിട്ടുണ്ടെന്നും ഇപ്പോൾ മിക്കവാറും മാസങ്ങളിൽ കിട്ടുന്നുണ്ടെന്നും അവർ പറയുന്നു. യഥാസമയം മസ്റ്ററിങ് നടത്താത്തതിനാലും തൊഴിലാളികളുടെ സീറോ ബാലൻസ് അക്കൗണ്ട് സാധാരണ ബാങ്ക് അക്കൗണ്ട് ആക്കാൻ വൈകിയത് കാരണവും ചിലരുടെ പെൻഷൻ മുടങ്ങിയിട്ടുണ്ട്. രണ്ടു മാസത്തെ തുകയായ 3,200 രൂപ ഓണത്തിന് ഒന്നിച്ച് നൽകാൻ സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള 'ആശ്വാസ കിരണം' ആനുകൂല്യം കിട്ടിയിട്ട് നാല് മാസമായി. പ്രതിമാസം 600 രൂപ വീതം കേന്ദ്ര സർക്കാറാണ് നൽകിയിരുന്നത്. നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ അഞ്ച് മാസമായി നൽകുന്നില്ല. മാസം 1,600 രൂപ വീതമാണ് ലഭിക്കേണ്ടത്. ക്ഷേമനിധി ഫണ്ടിൽനിന്ന് സർക്കാർ കടമെടുത്തതിനാലാണ് പെൻഷൻ നൽകാൻ സാധിക്കാത്തതെന്ന് സൂചനയുണ്ട്. വാർധക്യകാലപെൻഷൻ രണ്ടു മാസമായി ലഭിക്കുന്നില്ല. ആശുപത്രിയിൽ പോകാൻ, പെൻഷൻ പ്രതീക്ഷിച്ച് കടം വാങ്ങാൻ പോലും കഴിയുന്നില്ല. മറ്റു വരുമാനം ഇല്ലാത്തവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നെഹ്റുട്രോഫി വള്ളംകളി: പ്രചാരണം കൊഴുപ്പിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളിലും പരസ്യം ആലപ്പുഴ : നെഹ്റുട്രോഫിയുടെ പ്രചാരണം കെ.എസ്.ആർ.ടി.സി. ബസുകളിലും. ഇതിനായി 50 ബസുകൾ തെരഞ്ഞെടുത്തു. ദീർഘദൂര സർവിസുകൾ നടത്തുന്ന ഈ ബസുകളിൽ സ്റ്റിക്കറുകളും മറ്റും പതിക്കും. ആഗസ്റ്റിൽനിന്ന് സെപ്റ്റംബറിലേക്ക് വള്ളംകളി മാറ്റിയത് ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ശരിയായ തീയതി ജനങ്ങളിലെത്തിക്കാനാണ് സംസ്ഥാനത്തെങ്ങും പ്രചാരണം നടത്താൻ തീരുമാനിച്ചത്. സ്പോൺസർമാരുടെ സഹകരണത്തോടെയാകും പരസ്യം. നെഹ്റുട്രോഫിക്ക് ആശംസയർപ്പിച്ച് മോഹൻലാലിന്റെ വിഡിയോയും പുറത്തിറങ്ങി. അദ്ദേഹത്തെ വള്ളംകളിക്ക് എത്തിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. നടൻ കമൽഹാസൻ എത്തുമെന്ന് സംഘാടകർ ഉറപ്പുപറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രമുഖവ്യവസായി എം.എ. യൂസുഫലിയും എത്താൻ സാധ്യതയുണ്ടെന്ന് പറയുന്നു. കെ.ജി.എഫ് താരം യാഷിനെ ആലപ്പുഴയിലെത്തിക്കുന്നതിനും ശ്രമമുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നത് സംശയമാണ്. വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപന എല്ലാ പ്ലാറ്റ് ഫോമുകളിലും തുടങ്ങി. ആദ്യദിനം ടിക്കറ്റ് ജീനി വഴിയായിരുന്നു വിൽപന. പിന്നീട്, സൗത്ത് ഇന്ത്യൻ ബാങ്ക്, പേടിഎം എന്നിവ വഴിയും തുടങ്ങി. സർക്കാർ ഓഫിസുകൾ മുഖേന നേരിട്ടുള്ള വിൽപന അടുത്തയാഴ്ച തുടങ്ങും. 10 ജില്ലകളിൽ നേരിട്ടുള്ള വിൽപനയുണ്ടാകും. 100 മുതൽ 3,000 രൂപ വരെയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story