Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 6:34 PM GMT Updated On
date_range 8 Aug 2022 6:34 PM GMTഎലിപ്പനി വ്യാപകം: പ്രതിരോധ മരുന്നില്ല; തദ്ദേശ സ്ഥാപനങ്ങൾ വാങ്ങണം
text_fieldsbookmark_border
അഞ്ചുദിവസത്തിനിടെ ഏഴുപേർ രോഗബാധിതരായി ആലപ്പുഴ: എലിപ്പനി വ്യാപകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രതിരോധ മരുന്നില്ല. ഈ സാമ്പത്തികവർഷം ലഭിക്കേണ്ട എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ ഗുളികകളാണ് ആരോഗ്യ വകുപ്പ് ഇനിയും എത്തിക്കാത്തത്. ആശുപത്രികളിൽ ക്ഷാമം രൂക്ഷമായതോടെ മരുന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്ഥാനപനങ്ങളുടെ ചുമലിലിട്ട് ആരോഗ്യ വകുപ്പ് കൈയൊഴിഞ്ഞ സ്ഥിതിയാണ്. സാധാരണ ഏപ്രിലിൽ മരുന്നു ലഭിക്കുന്നതാണ്. എന്നാൽ, കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ടെൻഡർ നടപടികളിൽ വീഴ്ച വരുത്തിയതോടെയാണ് പ്രതിരോധ മരുന്നിന് ക്ഷാമം തുടങ്ങിയത്. ആദ്യഘട്ടത്തിൽ മരുന്നുള്ള ആശുപത്രികളിൽനിന്ന് ഇല്ലാത്ത ഇടങ്ങളിൽ എത്തിച്ചു. ഇത് തീർന്നതോടെയാണ് മരുന്ന് വാങ്ങിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങളുടേതായത്. സർക്കാർ ആശുപത്രികളിലെ ആവശ്യത്തിനുള്ള അത്രയും അളവ് ഡോക്സിസൈക്ലിൻ സ്വകാര്യ മേഖലയിൽനിന്ന് ലഭ്യമാകാത്ത സ്ഥിതിയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ജൂൺ-ജൂലൈ മാസത്തോടെ മഴ കനക്കുമെന്നും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാകുമെന്നും അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നാണ് ആക്ഷേപം. ആഗസ്റ്റ് ആദ്യവാരം മരുന്ന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല. നിലവിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലാണ്. അഞ്ചുദിവസത്തിനിടെ മാത്രം ഏഴുപേർക്ക് എലിപ്പനി പിടിപെട്ടു. കഴിഞ്ഞയാഴ്ച ഒരാൾ മരിക്കുകയുമുണ്ടായി. എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. വെള്ളക്കെട്ടിലിറങ്ങുന്നവർ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണമെന്ന ബോധവത്കരണം മാത്രമാണ് അധികൃതർ നൽകുന്നത്. അതിനിടെ അടുത്തയാഴ്ച ജില്ലക്കുള്ള ഡോക്സിസൈക്ലിൻ വിഹിതം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല മാസ് മീഡിയ വിഭാഗം തയാറാക്കിയ പോസ്റ്റർ കലക്ടർ വി.ആർ. കൃഷ്ണതേജ പ്രകാശനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെ ജില്ലയിലെ യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
Next Story