Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:04 AM IST Updated On
date_range 9 Aug 2022 12:04 AM ISTകക്കി ഡാം തുറന്നത് ആശങ്ക; കുട്ടനാട്ടിൽ ജാഗ്രത
text_fieldsbookmark_border
ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല* ക്യാമ്പുകളിൽ കഴിയുന്നത് 1771 പേർ ആലപ്പുഴ: മഴ മാറി നിൽക്കുകയാണെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. കക്കി ഡാം തുറന്നതോടെ അടുത്ത ദിവസങ്ങളിൽ വീണ്ടും വെള്ളപ്പൊക്കക്കെടുതിയിലാകുമെന്ന ആശങ്കയിലാണ് നാട്. പമ്പയുടെ തീരത്തും അനുബന്ധ കൈവഴികളിലും താമസിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാധ്യത മേഖലയിൽനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ജില്ലയിൽ എട്ട് പ്രദേശങ്ങളിൽ ജലനിരപ്പ് ഇപ്പോഴും അപകടനിലക്ക് മുകളിൽ തുടരുകയാണ്. ഭൂരിഭാഗവും കുട്ടനാട്ടിലാണിത്. ചെങ്ങന്നൂർ താലൂക്കിൽ നദികളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പമ്പയുടെയും അച്ചൻകോവിലാറിന്റെയും തീരത്തുനിന്ന് വെള്ളമിറങ്ങുന്നത് പ്രദേശവാസികൾക്ക് ആശ്വാസമായി. ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകളിലായി 516 കുടുംബങ്ങളിലെ 1771 പേർ കഴിയുന്നു. അടിയന്തര ഘട്ടങ്ങൾ നേരിടാൻ ജില്ലയിൽ എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സേവനം ഉറപ്പാക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ രണ്ട് വീട് പൂർണമായും 28 എണ്ണം ഭാഗികമായും തകർന്നു. മടവീണ് ഏക്കറുകണക്കിന് കൃഷിയും വെള്ളത്തിലായി. ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നതിനാൽ എ.സി റോഡിൽ ഗതാഗതം മൂന്നാം ദിവസവും മുടങ്ങി. ഒന്നാംകര മുതൽ മനക്കൽചിറവരെ ഭാഗത്ത് 11 ഭാഗങ്ങളിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്. അമ്പലപ്പുഴ-തിരുവല്ല പാതയിൽ ഗതാഗതതടസ്സമില്ല. കക്കി തുറന്നതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ്ഞു വരുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് റിസർവോയർ തിങ്കളാഴ്ച രാവിലെ തുറന്നത് പമ്പാ നദിയിലെ ജലനിരപ്പുയർത്തി. ഡാമിൽനിന്ന് 35 മുതൽ 50വരെ ക്യുബിക് മീറ്റർ ജലമാണ് പമ്പയിലേക്ക് ഒഴുകുന്നത്. 10 മുതൽ 15 സെന്റിമീറ്റർവരെ മാത്രമേ ജലവിതാനം ഉയരൂ എന്നാണ് നിഗമനം. തീരങ്ങളിൽ താമസിക്കുന്നവർക്ക് മുൻ കരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടോടെ ആറന്മുളയിൽ വെള്ളം എത്തും. ഡാം തുറന്ന ശേഷം ജലം എത്തുമെന്ന് കണക്കാക്കുന്ന സ്ഥലങ്ങളും മണിക്കൂറും: മുളക്കുഴ(15), ഇരവിപേരൂർ (15), ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (12 ), കുറ്റൂർ (19 ), തിരുവണ്ടൂർ (23), പാണ്ടനാട് (21), ബുധനൂർ (23) മാന്നാർ (33), കടപ്ര (31), നെടുമ്പുറം (34), തലവടി (40), നിരണം (33), എടത്വ (43), ചെന്നിത്തല-തൃപ്പെരുന്തുറ (30), പള്ളിപ്പാട് (30), ഹരിപ്പാട് മുനിസിപ്പാലിറ്റി (53), കരുവാറ്റ (54), ചെറുതന ( 52), തകഴി ( 49), അമ്പലപ്പുഴ സൗത്ത് (54), വീയപുരം (34).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story