Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:20 PM GMT Updated On
date_range 6 Aug 2022 7:20 PM GMTവെള്ളമിറങ്ങാതെ ഗ്രാമീണ റോഡുകൾ; യാത്രദുരിതം ഇരട്ടിയായി
text_fieldsbookmark_border
-മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഭീതിയൊഴിയുന്നില്ല ആലപ്പുഴ: മഴമാറി അന്തരീക്ഷം തെളിഞ്ഞിട്ടും കുട്ടനാട്ടിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് താഴുന്നില്ല. കിഴക്കൻവെള്ളത്തിന്‍റെ വരവിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളിലെ മടവീഴ്ചയിൽ നിരവധി ഗ്രാമീണ റോഡുകൾ വെള്ളത്തിലായി. തകഴിയിലും ചമ്പക്കുളത്തും നെടുമുടിയിലും കൈനകരിയിലും മടവീഴ്ചയുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്. എടത്വ-ചമ്പക്കുളം, മുട്ടാർ-ചക്കുളത്തുകാവ്, എടത്വ -ഹരിപ്പാട്, നീരേറ്റുപുറം -കിടങ്ങറ, വെളിയനാട് -കിടങ്ങറ, കാവാലം -കൃഷ്ണപുരം -നാരകത്തറ റോഡുകളിൽ വെള്ളംകയറിയത്. ഇതിനൊപ്പം ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിന് സമാന്തരമായി പോകുന്ന മാമ്പുഴക്കരി, രാമങ്കരി, വേഴപ്ര, കൈനകരി റോഡുകളിലും വെള്ളംനിറഞ്ഞു. കിഴക്കൻവെള്ളത്തിന്‍റെ വരവിൽ പമ്പാനദിയിൽ ജലമുയർന്ന് കരകവിഞ്ഞാണ് പലയിടത്തും ജലമെത്തിയത്. രക്ഷാദൗത്യത്തിനായി ജില്ലയിലെത്തിയ 21അംഗ എൻ.ഡി.ആർ.എഫ് സംഘം ചെങ്ങന്നൂർ മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ശനിയാഴ്ച ജില്ലയിൽ മഴ കാര്യമായി പെയ്തിരുന്നില്ല. എന്നാൽ, കിഴക്കൻവെള്ളത്തിന്‍റെ വരവിന് കുറവുണ്ടായില്ല. തോട്ടപ്പള്ളിയിലെ 29 ഷട്ടറുകളും തണ്ണീർമുക്കത്തെ മുഴുവൻ ഷട്ടറുകളും തുറന്നുവിട്ട് ജലമൊഴുക്കിയിട്ടും വെള്ളം കുറയുന്നില്ല. അപ്പർകുട്ടനാട് മേഖലയിലെ താഴ്ന്നപ്രദേശങ്ങളിലാണ് ദുരിതം കൂടുതൽ. പാടശേഖരങ്ങളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നുതന്നെയാണ്. കുട്ടനാട്ടിൽനിന്ന് എത്തുന്ന അധികജലം വേലിയേറ്റത്തിൽ കടൽ എടുക്കാത്തതാണ് പ്രശ്നം. അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് സമാനരീതിയിൽ തുടരുകയാണ്. എന്നാൽ, പമ്പാനദിയിൽ ക്രമാതീതമായി ജലമുയർന്നാണ് നിരവധി വീടുകളിൽ വെള്ളം കയറിയത്. ഇതോടെ, പലരും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയംതേടി. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ സാധാരണനിലയിലേക്ക് ജീവിതമെത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും.
Next Story