Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 7:07 PM GMT Updated On
date_range 4 Aug 2022 7:07 PM GMTകലവൂരിനും മാരാരിക്കുളത്തിനും ഇടയിൽ ദേശീയപാത കുരുതിക്കളം
text_fieldsbookmark_border
ആറുമാസത്തിനിടെ പൊലിഞ്ഞത് എട്ടു ജീവൻ ആലപ്പുഴ: കലവൂർ മുതൽ മാരാരിക്കുളം കളിത്തട്ട് ജങ്ഷൻവരെ ദേശീയപാതയിൽ പൊലിയുന്നത് നിരവധി ജീവൻ. മരിച്ചവരുടെ കണക്കിന്‍റെ മൂന്നിരട്ടിയിലേറെയാണ് അപകടത്തിനിരയാകുന്നവരുടെ എണ്ണം. ആറുമാസത്തിനിടെ എട്ടു ജീവനാണ് ഇവിടെ മാത്രം നഷ്ടമായത്. അശ്രദ്ധമായ വാഹനം ഓടിക്കലും ട്രാഫിക് സിഗ്നലിലെ അപാകതയും റോഡിലെ വെളിച്ചക്കുറവുമാണ് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്. ബുധനാഴ്ച പുലർച്ച കലവൂർ കൃപാസനത്തിന് മുൻവശം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ആലപ്പുഴ വലിയമരം വാർഡിൽ ചിറയിൽ വീട്ടിൽ നിഹാസ് (29) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. കൃപാസനത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരൻ കാവുങ്കൽ കുന്നേൽവെളി മധുവിന്റെ മകൻ മനു മരിച്ചത് ഒരാഴ്ച മുമ്പ് രാത്രിയിലാണ്. കാസർകോട് സ്വദേശി മൂന്ന് മാസം മുമ്പാണ് കൃപാസനത്തിന് മുന്നിൽ ലോറിയിടിച്ചു മരിച്ചത്. ധ്യാനകേന്ദ്രത്തിൽ എത്തുന്നവർ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതും അപകടത്തിന് കാരണമാകുന്നതായാണ് പൊലീസിന്റെ നിഗമനം. ഇവിടെ സ്വകാര്യ സുരക്ഷ ജീവനക്കാർ അശാസ്ത്രീയമായി വാഹനം നിയന്ത്രിക്കുന്നത് കൂട്ടിയിടിക്ക് കാരണമാകുന്നതായും സംശയിക്കുന്നു. അഞ്ച് കാറുകളാണ് ആഴ്ചകൾക്ക് മുമ്പ് ഇവിടെ കൂട്ടിയിടിച്ചത്. ഇവിടെയുള്ള ബസ് സ്റ്റോപ്പ് മാറ്റിയാൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. വെളിച്ചക്കുറവും ഇടറോഡുകളിൽനിന്ന് വരുന്നവർക്ക് ദേശീയപാതയാണെന്നുള്ള മുന്നറിയിപ്പ് കിട്ടാത്തതുമാണ് വളവനാട് കോൾഗേറ്റ് ജങ്ഷനിൽ അപകടങ്ങൾക്ക് ഇടയാക്കുന്നത്. ലോറിതട്ടി വീണ ബൈക്ക് യാത്രക്കാരന്റെയും ലോറിയുടെ പിന്നിൽനിന്ന് വീണ യുവാവിന്റെയും ശരീരത്തിലൂടെ പിന്നാലെ വന്ന വാഹനങ്ങൾ കയറിയിറങ്ങിയ അപകടങ്ങളും മാസങ്ങൾക്കുമുമ്പ് കോൾഗേറ്റ് ജങ്ഷനിൽ സംഭവിച്ചിരുന്നു. തീരദേശപാതയിൽനിന്ന് ദേശീയപാതയിലേക്ക് കയറിയ കാറിനെ ഇടിക്കാതെ പാഴ്‌സൽ ലോറി വെട്ടിച്ചുമാറ്റുന്നതിനിടെ സമീപത്തെ പാടത്തേക്കിറങ്ങി. അതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. റോഡുകളുടെ ഉയരവ്യത്യാസമാണ് കളിത്തട്ട് ജങ്ഷനിൽ അപകടം വർധിപ്പിക്കുന്നത്.
Next Story