Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:35 AM IST Updated On
date_range 19 Jun 2022 5:35 AM ISTകുടിവെള്ള പദ്ധതി രണ്ടാംഘട്ടം നിർത്തിയിട്ട് ഒരുമാസം; മഴ പോയിട്ടും അനക്കമില്ല
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ ശുദ്ധജല പദ്ധതി രണ്ടാംഘട്ടം പൈപ്പിടൽ മുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. മഴയുടെ പേരിൽ മുടങ്ങിയ പണി മഴ കുറഞ്ഞ സാഹചര്യത്തിലും പുനരാരംഭിച്ചിട്ടില്ല. പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വിളിച്ചാൽ കരാറുകാരൻ ഫോൺ പോലും എടുക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഒന്നാംഘട്ടം പൂർത്തിയാക്കിയ കരാറുകാരൻ രണ്ടാംഘട്ടം പകുതിയിൽ നിർത്തുകയായിരുന്നു. പൈപ്പിടലും റോഡ് പൂർവ സ്ഥിതിയിലാക്കലും സ്വന്തം ചെലവിൽ നടത്തേണ്ടിവരുന്നതാണ് പിന്മാറ്റത്തിനു കാരണമെത്രെ. കരാറുകാരന് കൂടുതൽ പണം അനുവദിക്കാൻ അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി മുമ്പ് ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിൽ പണം നൽകാൻ നേരത്തേ ഉന്നതർ അനുമതി നൽകിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചട്ടങ്ങളും കരാർ വ്യവസ്ഥയും മറ്റും ചൂണ്ടിക്കാട്ടി തടയിടുകയായിരുന്നു. പദ്ധതി തുടങ്ങിയപ്പോൾ നിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചതിലൂടെ സർക്കാറിന് വലിയ നഷ്ടം വരുത്തിയെന്ന് കണ്ടെത്തി കരാറുകാരന്റെ ഉത്തരവാദിത്തത്തിലാണ് ഇപ്പോൾ മൈൽഡ് സ്റ്റീൽ പൈപ്പുകൾ ഇടുന്നത്. ചേർത്തലയിലെ നബാർഡ് പദ്ധതി പ്രവൃത്തിയുടെ പേരിൽ ഈ കരാറുകാരന് നൽകേണ്ട നാല് കോടിയോളം രൂപ അതോറിറ്റി ഇക്കാരണങ്ങളാൽ നൽകിയിട്ടില്ല. മറ്റു ചില പണികളുടെ പേരിലും പണം നൽകാനുണ്ട്. ഒരു പദ്ധതി പൂർത്തിയായാൽ മൂന്ന് വർഷം വരെ അതു ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ പണം നൽകാവൂ എന്നാണ് ചട്ടമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ എട്ട് ലക്ഷത്തിലേറെ രൂപയുടെ ബിൽ ഉന്നത ഉദ്യോഗസ്ഥർ പാസാക്കിയപ്പോഴാണ് ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചത്. പൈപ്പ് മാറ്റിയിടുന്നതിന് പിന്നാലെ റോഡ് പൂർവ സ്ഥിതിയിലാക്കുന്നതിന്റെ ഉത്തരവാദിത്തവും കരാറുകാരനാണ്. പൈപ്പിട്ടതിന് മുകളിൽ ഗ്രാനുലർ സബ് ബേസ് (ജി.എസ്.ബി) ഇട്ട് നിരപ്പാക്കണമെന്നാണ് വ്യവസ്ഥ. പൈപ്പിട്ട ഭാഗത്ത് കരാറുകാരൻ ഇതുവരെ ഇത് ചെയ്തിട്ടില്ല. മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇത് അപകടങ്ങൾക്ക് ഇടയാക്കുകയും റോഡിന് കേടുണ്ടാകുകയും ചെയ്തതോടെ ജനങ്ങൾ പ്രതിഷേധിച്ചു. ഇപ്പോൾ ജി.എസ്.ബി ജോലി മറ്റു കരാറുകാരെക്കൊണ്ട് അതോറിറ്റി ചെയ്യിക്കുകയാണ്. ശുദ്ധജല പദ്ധതിയിലെ നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി പുതിയവ ഇടുന്ന പണി നിലച്ചതിനെപ്പറ്റി അന്വേഷിക്കുമെന്നും കരാറുകാരൻ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story