Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​ വർധന: വാക്സിൻ...

കോവിഡ്​ വർധന: വാക്സിൻ നിയന്ത്രണത്തിൽ ആശങ്ക; ഇളവിന്​ അനുമതി തേടി

text_fields
bookmark_border
ആലപ്പുഴ: നിശ്ചിത എണ്ണം ആളുകളെത്തിയാലേ കോവിഡ് വാക്സിൻ നൽകൂവെന്ന നിയന്ത്രണം നീക്കാൻ ആരോഗ്യവകുപ്പ് ജില്ല അധികൃതർ സർക്കാറിന്‍റെ അനുമതി തേടി. വാക്സിനെടുക്കാനെത്തുന്ന ഒരാളെപ്പോലും തിരിച്ചയക്കാതെ കുത്തിവെപ്പ്​ നൽകുന്നതിന്​ സംവിധാനമൊരുക്കാനാണിത്​. പാഴാകുന്ന വാക്സിന്‍റെ പരിധി ഉയർത്തി പ്രശ്നപരിഹാരം കാണണമെന്നാണ്​ ആവശ്യം. കോവിഡ് നാലാംതരംഗ സാധ്യത നിലനിൽക്കെ കുട്ടികൾക്ക്​ ഉൾപ്പെടെ സമ്പൂർണ വാക്സിനേഷൻ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി. 10 മുതൽ 20 വരെ പേർ ഒന്നിച്ചെത്തിയാലേ വാക്സിൻ നൽകൂ എന്ന നിബന്ധനയെത്തുടർന്ന്​ അടുത്തകാലത്ത് ജില്ലയിൽ വാക്സിനേഷൻ കുത്തനെ കുറഞ്ഞിരുന്നു. 10 ഡോസുള്ള വാക്സിൻ വയലും 20 ഡോസുള്ള വയലും തുറക്കണമെങ്കിൽ അത്രയും ആളുകളെത്തണമെന്നായിരുന്നു വ്യവസ്ഥ. കുറച്ചാളുകൾക്ക്​ മാത്രമായി വയൽ തുറന്നാൽ ബാക്കിവരുന്നത്​ കേടാകും. വാക്സിൻ ഡ്രൈവ്​ ആരംഭിച്ച വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നിബന്ധന തുടരുന്ന സാഹചര്യത്തിൽ ഡ്രൈവിന്‍റെ പ്രയോജനം പൂർണമായി ലഭിച്ചില്ല. ഡ്രൈവിന്​ മുന്നോടിയായി വാർഡുതല സമിതികളോടും വിദ്യാഭ്യാസവകുപ്പ് അധികൃതരോടും പരമാവധി ആളുകളെ ഒന്നിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ, പലയിടത്തും ഇത്​ സാധ്യമായില്ല. ആദ്യമെത്തിയവർക്ക്‌ എണ്ണം തികയാൻ മറ്റാളുകളെത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ആളെണ്ണം തികയാഞ്ഞതിനാൽ ചിലരെ തൊട്ടടുത്ത മറ്റ്​ ആശുപത്രികളിലേക്കും വിട്ടു. ചിലർ വാക്സിനെടുക്കാതെയും മടങ്ങി. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു പ്രാഥമികാരോഗ്യകേന്ദ്രം മുതൽ പ്രധാന ആശുപത്രികൾ വരെയുള്ള സ്ഥലങ്ങളിൽ വാക്സിനേഷനുണ്ടായിരുന്നത്. ഡ്രൈവിന്‍റെ ഭാഗമായി ഇത് എല്ലാ ദിവസവുമാക്കിയിട്ടുണ്ട്. ഇതിന്‍റെ പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ നിയന്ത്രണങ്ങൾ നീക്കണമെന്നാണ്​ ആവശ്യം. 85 സർക്കാർ സ്ഥാപനത്തിലും ഏഴ്​ സ്വകാര്യസ്ഥാപനത്തിലുമാണ് വാക്സിനേഷനുള്ളത്. കോവിഷീൽഡ്, കോർബെവാക്സ് വാക്സിനുകളുണ്ടെങ്കിലും കോവാക്സിൻ ആവശ്യത്തിന്​ ലഭ്യമല്ലെന്നതും പ്രശ്നമാണ്​. കഴിഞ്ഞദിവസം ലഭിച്ച ലക്ഷം ഡോസിൽനിന്ന്​ 10,000 ഡോസ്​ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സ്വകാര്യ ആശുപത്രികളിലും വാക്സിൻ ആവശ്യത്തിന്​ ലഭ്യമല്ല. വാക്സിനെടുക്കാൻ ആളു കുറഞ്ഞതോടെ പല ആശുപത്രികളും പിന്മാറിയതാണ്​ കാരണം. 60 വയസ്സിൽ താഴെയുള്ളവർക്ക്​ പണം നൽകി ബൂസ്റ്റർ ഡോസെടുക്കാനാവാത്ത സ്ഥിതിയാണ്. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 കഴിഞ്ഞവർ എന്നിവർക്ക്​ മാത്രമാണ് സർക്കാർ ആശുപത്രികളിലൂടെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story