Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:33 AM IST Updated On
date_range 18 Jun 2022 5:33 AM ISTസംസ്കാരത്തെ ചൊല്ലി പരാതി; മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിച്ചു
text_fieldsbookmark_border
ചാരുംമൂട്: സംസ്കാരത്തെ ചൊല്ലിയുള്ള പരാതിയെ തുടർന്ന് ഒരാഴ്ചയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കലക്ടറുടെ നിർദേശത്തെ തുടർന്ന് സംസ്കരിച്ചു. കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്ത് ആനയടി സണ്ണിഭവനിൽ സണ്ണി ചാക്കോയുടെ (60) മൃതദേഹമാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സണ്ണി ചാക്കോയുടെ മരണം. ഇദ്ദേഹത്തിന്‍റെ സഭയായ ക്രിസ്ത്യൻ ബ്രദറൺ ചർച്ചിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. സണ്ണിയുടെ വീടിന് അടുത്ത് ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ് ചർച്ച് സ്ഥിതി ചെയ്യുന്നത്. എന്നാൽ, വീടുകൾക്കു സമീപമുള്ള സ്ഥലത്ത് മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ അയൽവാസികൾ കലക്ടർക്ക് പരാതി നൽകി. മൃതദേഹം അടക്കം ചെയ്യാനുള്ള സഹായ നടപടികൾക്കായി സണ്ണിയുടെ ബന്ധുക്കളും കലക്ടറെ സമീപിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഇരുകൂട്ടരുമായി ചെങ്ങന്നൂർ ആർ.ഡി.ഒ എസ്. സുമ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ല. തുടർന്നാണ് മൃതദേഹം അടക്കം ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ആർ.ഡി.ഒക്ക് കലക്ടർ നിർദേശം നൽകിയത്. വെള്ളിയാഴ്ച രാവിലെ 10ന് ആർ.ഡി.ഒ എസ്. സുമ, മാവേലിക്കര തഹസിൽദാർ ഡി.സി. ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും സി.ഐമാരായായ ജോസ് മാത്യു, ഇഗ്നേഷ്യസ്, നിസാം എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെയും സാന്നിധ്യത്തിൽ സംസ്കാരം നടത്തി. ആംബുലൻസിൽ ബന്ധുക്കൾ മൃതദേഹം സ്ഥലത്തു കൊണ്ടുവന്നപ്പോൾ പരാതിക്കാരായ അയൽവാസികളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായില്ല. സഭ വിശ്വാസികളായ പത്തിൽ താഴെ കുടുംബങ്ങളാണ് ചർച്ചിന്റെ ഭാഗമായുള്ളതെന്ന് പറയുന്നു. എന്നാൽ, കൊട്ടാരക്കര ആസ്ഥാനമായ സഭയുടെ വിശ്വാസികൾ മരിച്ചാൽ ഇവിടെ സംസ്കരിക്കാൻ നീക്കമുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. 2019ൽ ഇത്തരത്തിൽ കൊണ്ടുവന്ന മൃതദേഹം എതിർപ്പിനെ തുടർന്ന് തിരിച്ചു കൊണ്ടുപോയിരുന്നതായും ഇവിടെ ശ്മശാനത്തിന് അനുമതി ഇല്ലെന്നുമാണ് അയൽവാസികൾ പറയുന്നത്. ഫോട്ടോ: സണ്ണി ചാക്കോയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
