Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:31 AM IST Updated On
date_range 17 Jun 2022 5:31 AM ISTഅവശ്യമരുന്നുകൾ പോലുമില്ല; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികൾ വലയുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: കോടികൾ ചെലവഴിച്ച് പൂത്തോട്ടം ഉൾപ്പെടെ നിർമാണ പ്രവർത്തനം നടക്കുമ്പോഴും അവശ്യമരുന്നുകളില്ലാതെ ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗികൾ വലയുന്നു. കഴിഞ്ഞ ദിവസം വികസന സമിതി യോഗം കൂടിയെങ്കിലും ഇക്കാര്യം ശ്രദ്ധയിൽപെടുത്താൻ ആശുപത്രി അധികൃതർ തയാറായില്ല. പനി കൂടി ചികിത്സതേടി എത്തിയ ഏഴ് വയസ്സുകാരനെ കഴിഞ്ഞദിവസം മരുന്നുകള്‍ ഫാര്‍മസിയില്‍ ലഭ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. നിസ്സാര വിലയുള്ള പാരാസെറ്റമോൾ, സാൽബൊട്ടാമോൾ, സലൈൻ തുടങ്ങിയവയോ വേദന സംഹാരികളോ ഒന്നും ആശുപത്രിയിൽ ലഭ്യമല്ല. എന്നാൽ, ഇവയൊക്കെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ സുലഭമാണ്. സൗജന്യമായി മരുന്ന് നൽകുന്ന ഫാർമസിയിലും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുന്ന കാരുണ്യയിലും ഭൂരിഭാഗം മരുന്നുകളും ലഭ്യമല്ല. അർബുദ, വൃക്ക രോഗികൾക്കാവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഇല്ലാത്തതിനാൽ കൂടിയ നിരക്കിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നാണ് പലരും വാങ്ങുന്നത്. ഏതാനും മാസങ്ങളായി ആശുപത്രിയിൽ ഇതാണ് സ്ഥിതി. തിരക്കുള്ള സമയം ഏറെ നേരം വരി നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്. ആശുപത്രിയിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ സർവിസ് കോർപറേഷന് കോടികൾ കുടിശ്ശികയുള്ളതിനാൽ മരുന്നുകൾ വിതരണം ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സാധാരണ രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ അവശ്യമരുന്നുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
