Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:29 AM IST Updated On
date_range 12 Jun 2022 5:29 AM ISTചമ്പക്കുളം മൂലം വള്ളംകളി: തീരുമാനം നീളുന്നു
text_fieldsbookmark_border
ആലപ്പുഴ: ഇടവേളക്കുശേഷം വള്ളംകളി ആരവത്തിന് ജില്ല വഴിമാറുമെന്ന് പ്രതീക്ഷിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ തീരുമാനം നീളുന്നു. ജൂലൈ 12 എന്ന് ഏകദേശ തീരുമാനമുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. വെള്ളിയാഴ്ച നടന്ന യോഗത്തിലും തീരുമാനമാകാത്തതിനാൽ ടീം സെലക്‌ഷൻ നടത്താതെ കാത്തിരിക്കാനാണ് ടീമുകളുടെ തീരുമാനം. കോവിഡ് കേസുകൾ കൂടുന്നെങ്കിലും മത്സരം ഇക്കുറി ഉറപ്പാണെന്നാണ് ബോട്ട് ക്ലബുകൾ പ്രതീക്ഷിക്കുന്നത്. പിന്നിട്ട രണ്ടുവർഷവും ആചാര ഭാഗമായി മാത്രമാണ് വള്ളംകളി നടന്നത്. പന്ത്രണ്ടോളം ചുണ്ടൻവള്ളങ്ങൾ മത്സരത്തിന് തയാറാണ്. ഇതിൽ ആറെണ്ണം മാത്രമാകും മത്സരിക്കുക എന്ന് ബോട്ട് ക്ലബ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മൂന്നുവീതം വെപ്പ്, ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും നടക്കാൻ സാധ്യതയുണ്ട്. മത്സരം ഉണ്ടെന്ന് ഉറപ്പായശേഷം മാത്രമാകും ഫൈനൽ ടീം സെലക്‌ഷൻ. പല ഘട്ടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. 1200 മീറ്ററിൽ ആവേശം ഒട്ടും ചോരാതെ തുഴയുന്നവരെ പല കടമ്പകളിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഞായറാഴ്ചകളിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി പ്രദേശങ്ങളിൽ നോട്ടീസ് പതിക്കും. വാട്സ്ആപ് സന്ദേശങ്ങളിലൂടെ അറിയിക്കും. ഇരുന്നൂറോളം പേരിൽനിന്നാണ് 85 തുഴച്ചിൽകാരെ തെരഞ്ഞെടുക്കേണ്ടത്. ചമ്പക്കുളം വള്ളംകളി മത്സരം വിജയിക്കണമെങ്കിൽ കുറഞ്ഞത് അഞ്ച് ട്രയൽ ഓട്ടം നടത്തണമെന്നാണ് ക്യാപ്റ്റൻമാർ പറയുന്നത്. 110 - 120 പേർ ഒരു ടീമിൽ കാണും. ദിവസേന കുറഞ്ഞ കൂലി 1000 രൂപയാണ്. ഇവരുടെ ഭക്ഷണം, താമസം എന്നിവയടക്കം ദിവസേന ഒരു ലക്ഷം രൂപ ചെലവ് വരും. മത്സരദിനം മാത്രം രണ്ടുലക്ഷം രൂപ ചെലവ് വരുമെന്ന് ബോട്ട് റേസ് ഗ്രൂപ് കണക്ക്. ഇക്കാരണത്താൽ 5-7 ട്രയലുകൾക്ക് മുകളിൽ നടത്താറില്ല. ചമ്പക്കുളം മൂലം വള്ളംകളി ജൂലൈ 12ന് നടത്തുന്നതാണ് കീഴ്വഴക്കം. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫിയും നടക്കും. ഇത്തവണ നെഹ്റുട്രോഫി വള്ളംകളി നവംബറിൽ നടത്താനാണ് സാധ്യത. നവംബർ 14ന് നെഹ്റുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് മത്സരം നടത്താൻ നിർദേശമുണ്ട്. ഇതിനോട് കൂടുതൽ പേരും യോജിക്കുന്ന സാഹചര്യത്തിൽ സാധ്യത കൂടുതലാണ്. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന വേളയാണ് നവംബർ-ജനുവരി മാസങ്ങളെന്നത് നേട്ടമാകുമെന്ന വിലയിരുത്തലുമുണ്ട്. നെഹ്റുട്രോഫിയിലൂടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story