Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:33 AM IST Updated On
date_range 1 Jun 2022 5:33 AM ISTഗവ. ആശുപത്രി നിർമാണം: മണൽ നീക്കത്തെച്ചൊല്ലി നഗരസഭ കൗൺസിലിൽ ബഹളം; കാസ്റ്റിങ് വോട്ടിൽ അജണ്ട പാസായി
text_fieldsbookmark_border
കായംകുളം: താലൂക്ക് ആശുപത്രിയിലെ നിർമാണത്തിനിടെ പുറന്തള്ളുന്ന മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. ചെയർപേഴ്സന്‍റെ കാസ്റ്റിങ് വോട്ടിന്‍റെ പിൻബലത്തിൽ അജണ്ട പാസാക്കി ഭരണപക്ഷം. എൻജിനീയറിങ് വിഭാഗത്തിന്‍റെയോ മരാമത്ത് സ്ഥിരം സമിതിയുടെയോ ശിപാർശയോ റിപ്പോർട്ടോ ഇല്ലാതെയുള്ള അജണ്ടക്ക് നിയമസാധുതയില്ലെന്ന് കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പാറയും മണ്ണും ലേലം ചെയ്ത് വിൽക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ക്രമത്തിലധികം മണ്ണ് കുന്നുകൂടി കിടക്കുന്നത് നിർമാണത്തെ ബാധിക്കുന്നതിനാൽ അടിയന്തര സ്വഭാവത്തിൽ നീക്കം ചെയ്യണമെന്നതിനാലാണ് അജണ്ടയായി ഉൾപ്പെടുത്തി ചർച്ചക്ക് തയാറായതെന്ന് ചെയർപേഴ്സൻ പി. ശശികലയും എൽ.ഡി.എഫ് പാർലമൻെററി പാർട്ടിയും പറഞ്ഞു. വാർഡുകളിലെ അംഗൻവാടിയുടെ പരിസരവും ഇടറോഡുകളും നന്നാക്കാനായി കൗൺസിലർമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചത്. കൂടാതെ കല്ലുംമൂട് കശുവണ്ടി ഫാക്ടറി വളപ്പിൽ മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സമ്മതം അറിയിച്ചുള്ള യു. പ്രതിഭ എം.എൽ.എയുടെ കത്തും ചർച്ചക്കായി വെച്ചിരുന്നു. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പരാജയപ്പെട്ടപ്പോൾ കോലിബി സഖ്യം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന മണ്ണ് ഇഷ്ടക്കാർക്ക് നൽകി അഴിമതി നടത്താനുള്ള ഭരണപക്ഷത്തിന്‍റെ നീക്കത്തെയാണ് എതിർത്തതെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി പറഞ്ഞു. സാമഗ്രികൾ വാങ്ങുന്നതും വിൽക്കുന്നതും സുതാര്യമായ ലേല നടപടിയിലൂടെയാകണമെന്ന വ്യവസ്ഥയാണ് അട്ടിമറിച്ചത്. ഇതിനെതിരെ ബഹുജന സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. മണൽ അഴിമതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പാർലമൻെററി പാർട്ടിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story