Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബെല്ലടിക്കാറായി; ഇനി...

ബെല്ലടിക്കാറായി; ഇനി പഠനകാലം

text_fields
bookmark_border
നവാഗതരെ വരവേൽക്കാൻ സ്കൂളുകളിൽ പ്രവേശനോത്സവം ആലപ്പുഴ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം പ്രവേശനോത്സവത്തിന്‍റെ 'ഫസ്റ്റ്​ബെൽ' ബുധനാഴ്ച മുഴങ്ങുന്നതോടെ വിദ്യാലയങ്ങളിൽ പഠനകാലത്തിന്‍റെ ആരവമുയരും. ഉത്സവപ്രതീതിയോടെ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകളും സജ്ജമായി. 'മുന്നേറാം മികവോടെ' തലക്കെട്ടിൽ ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലതല പ്രവേശനോത്സവം. രാവിലെ 9.30ന്​ മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.ജി. രാ​ജേശ്വരി അധ്യക്ഷത വഹിക്കും. എ.എം. ആരിഫ്​ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ അഡ്വ. ബിബിൻ സി. ബാബു സ്കൂൾ മാസ്റ്റർപ്ലാൻ പ്രകാശനവും പ്രീസ്കൂൾ കളിത്തോണി ജില്ലതല വിത​രണോദ്​ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​​ വി.ജി. മോഹനനും നിർവഹിക്കും. സംഘാടനച്ചുമതല സമഗ്രശിക്ഷ കേരള ആലപ്പുഴക്കാണ്​. ഇതിനുപുറമെ ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്​. ജില്ലയിൽ 770 സ്കൂളാണുള്ളത്​. ഇതിൽ ജില്ല പഞ്ചായത്തിന്‍റെ കീഴിലുള്ള 47 സ്കൂളിൽ മൂന്നുലക്ഷം വീതം അനുവദിച്ചാണ്​ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്​. മിക്ക സ്കൂളുകളും ചുവരുകളിൽ ചായം പൂശിയും പുതിയ ബെഞ്ചും ഡെസ്കും അണിനിരത്തിയും മുറ്റത്തെ പുല്ലുകൾ പറിച്ചുമാണ്​ മുഖം മിനുക്കിയത്​. കോവിഡ്​ നിയന്ത്രണമില്ലാതെ കുരുന്നുകൾ അടക്കമുള്ള വിദ്യാർഥികൾ വീണ്ടും ഒത്തുകൂടുന്നുവെന്നതാണ്​ പ്രത്യേകത. ഇത്​ കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ സന്തോഷവും ആഹ്ലാദവുമാണ്​ നൽകുന്നത്​. പശ്ചാത്തല സൗകര്യങ്ങൾക്കു പുറമെ സ്കൂൾ പരിസരവും കിണറുകളും ക്ലാസ് മുറികളും വൃത്തിയാക്കിയും അണുനശീകരണം, കുടിവെള്ള സംവിധാനങ്ങൾ എന്നിവ പൂർത്തിയാക്കിയുമാണ്​ സ്കൂളുകൾ തുറക്കുന്നത്​. ചില സ്കൂളുകളിൽ യൂനിഫോമിനൊപ്പം ബാഗ്​, കുട, നോട്ടുബുക്കുകൾ, പേന, പെൻസിൽ, കളർ പെൻസിലുകൾ എന്നിവയടക്കമുള്ള കിറ്റും നൽകുന്നുണ്ട്​. ജില്ലയിൽ ഒന്ന്​ മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം 82 ശതമാനവും പൂർത്തിയായി. പുസ്തകങ്ങൾ അച്ചടിക്കുന്ന കേരള ബുക്ക് സെന്‍റർ പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്) വഴി ആലപ്പുഴ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജില്ല ഹബിൽ എത്തിച്ചായിരുന്നു വിതരണം. പുസ്തകങ്ങൾ തരംതിരിക്കാനുള്ള ചുമതല കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു. സ്കൂൾ പ്രധാനാധ്യാപകരുടെ ചുമതലയിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ്​ വിതരണം നടത്തിയത്​. കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയാൽ പുതിയ കണക്കെടുത്ത് പുസ്തകവിതരണം പൂർത്തിയാക്കും. സി.ബി.എസ്​.ഇ സിലബസിൽ ഉപയോഗിക്കുന്ന എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും നേരത്തേയെത്തി. എന്നാൽ, അവസാന ദിവസമെത്തിയിട്ടും ഫിറ്റ്​നസ്​ കിട്ടാത്ത നിരവധി സ്കൂളുകൾ ജില്ലയിലുണ്ട്​. പരിശോധന കഴിഞ്ഞെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ കിട്ടാനുള്ള താമസമാണ്​ കാരണമെന്നാണ്​ അധികൃതരുടെ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story