Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത ഹൗസ്​ബോട്ടുകൾ...

അനധികൃത ഹൗസ്​ബോട്ടുകൾ പിടിച്ചുകെട്ടും; തുറമുഖവകുപ്പ്​ പൊലീസിന്​ കത്തുനൽകി

text_fields
bookmark_border
ആലപ്പുഴ: രജിസ്​ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഏഴ്​ ഹൗസ്​ബോട്ടുകൾ പിടിച്ചെടുക്കാൻ തുറമുഖവകുപ്പ്​ ജില്ല പൊലീസ്​ മേധാവിക്ക്​ കത്തുനൽകി. നോട്ടീസ്​ നൽകിയിട്ടും രജിസ്​ട്രേഷൻ നടപടികളോട്​ സഹകരിക്കാത്ത ഉടമകളുടെ പുരവഞ്ചികൾ പൊലീസ് സഹായത്തോടെ പിടിച്ചുകെട്ടുന്നതിന്‍റെ ഭാഗമാണിത്​. കഴിഞ്ഞദിവസം അനധികൃതമായി ഓടിയ 14 ഹൗസ്​ബോട്ടുകൾക്ക്​​ തുറമുഖവകുപ്പ്​ നോട്ടീസ്​ നൽകിയെങ്കിലും പകുതിയിൽ താഴെമാത്രമാണ്​ ഹാജരായത്​. ബാക്കിയുള്ള ഭൂരിഭാഗം ഉടമകളും ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കാതെ സർവിസ്​ നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ്​ നടപടി കർശനമാക്കിയത്​. കെ.​ഐ.വി രജിസ്​ട്രേഷൻ, ഇൻഷുറൻസ്​, പൊല്യൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത പുരവഞ്ചികളാണ്​ ഏറെയും ഓടുന്നത്​. ഇങ്ങനെ ഓടുന്ന ബോട്ടുകൾ പിടിച്ചുകെട്ടണമെന്ന്​ കോടതിവിധിയുണ്ട്. ഈ ബോട്ടുകളെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ കൂടുതൽ പരിശോധന നടത്തുമെന്ന്​ തുറമുഖവകുപ്പ്​ ഓഫിസർ 'മാധ്യമ'ത്തോട്​ പറഞ്ഞു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1,580 ഹൗസ്​ബോട്ടുകൾ സർവിസ്​ നടത്തുന്നതായാണ്​ ഔദ്യോഗിക കണക്ക്​. ഇവയിൽ ഭൂരിഭാഗവും രജിസ്​ട്രേഷനും ലൈസൻസും സർവേയും ഇല്ലാതെയാണ്​ ഓടുന്നത്. കോവിഡ്​ കവർന്നെടുത്ത 'സീസൺ' തിരിച്ചുപിടിക്കാൻ പുരവഞ്ചികളും ശിക്കാരവള്ളങ്ങളും സഞ്ചാരികളെ ആകർഷിക്കാൻ ​പ്രത്യേക പാക്കേജുകളും ഇളവുകളും ​പ്രഖ്യാപിച്ചിട്ടുണ്ട്​. ഇത്​ മുതലെടുത്താണ്​ പലപ്പോഴും ബോട്ടുടമകൾ രക്ഷപ്പെടുന്നത്​. പിടികൂടുന്ന ഘട്ടത്തിൽ വിനോദസഞ്ചാരികൾക്ക്​​ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ്​ നടപടിയെടുക്കുന്നത്​. സർവിസ്​ തടഞ്ഞുള്ള പരിശോധനയില്ല. യാർഡിൽ ഹാജരാക്കണമെന്ന നിർദേശമാണ്​ നൽകുക. ഇത്​ പലപ്പോഴും ഹൗസ്​ബോട്ട്​ ഉടമകൾ പാലിക്കാറില്ല. ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായും എത്തുന്നതിനാൽ മുഖംമിനുക്കിയാണ്​​ ഹൗസ്​ബോട്ടുകൾ കായലോരത്ത്​ നങ്കൂരമിട്ടിരിക്കുന്നത്​. വേമ്പനാട്ട്​ കായലിൽ ഹൗസ്​ബോട്ടിന്​ തീപിടിച്ച്​ സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിന്​ പിന്നാലെ സുരക്ഷ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പരിശോധനകൾക്ക്​ കോവിഡ്​ പ്രധാനതടസ്സമായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുന്നതിന്​ സേഫ്​റ്റി സർവേ എല്ലാവർഷവും പൂർത്തിയാക്കണമെന്നാണ്​ നിയമം. അഞ്ചുകൊല്ലത്തേക്ക്​ നൽകുന്ന രജിസ്​ട്രേഷനും പലരും പുതുക്കാറില്ല. ജീവൻരക്ഷ ഉപകരണങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ പരിശോധിച്ച്​ പുതുക്കുന്ന നടപടികളോട്​ ഭൂരിഭാഗം ഹൗസ്​ ബോട്ട്​ ഉടമകളും മുഖംതിരിഞ്ഞുനിൽക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story