Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:31 AM IST Updated On
date_range 28 May 2022 5:31 AM ISTകായംകുളത്ത് കൗൺസിൽ മിനിറ്റ്സിനെ ചൊല്ലി തർക്കം
text_fieldsbookmark_border
കായംകുളം: നഗരസഭ കൗൺസിൽ യോഗ മിനിറ്റ്സുകളെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. യോഗങ്ങളുടെ മിനിറ്റ്സ് തുടർച്ചയായി നൽകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രണ്ടെണ്ണമേ നൽകാനുള്ളൂവെന്നാണ് ഭരണപക്ഷം പറയുന്നത്. ഇതേച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഇരുപക്ഷവും തമ്മിൽ വാദപ്രതിവാദം നടന്നു. നഗരസഭക്കുള്ളിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വിഷയം ചൂടുപിടിക്കുകയാണ്. ആറ് കൗൺസിലുകളുടെ മിനിറ്റ്സ് പകർപ്പ് ലഭിക്കാനുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വെള്ളിയാഴ്ച നടന്ന കൗൺസിലിൽ വിഷയം ഉന്നയിച്ചതോടെ അജണ്ടകൾ ഒറ്റയടിക്ക് പാസാക്കി ചെയർപേഴ്സൻ യോഗം പിരിച്ചുവിട്ടു. മിനിറ്റ്സ് നൽകുമെന്ന ചെയർപേഴ്സന്‍റെ ഉറപ്പ് ലംഘിച്ചത് ചോദ്യം ചെയ്തതാണ് പിരിച്ചുവിടാനുള്ള കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിൽ ചർച്ച ചെയ്യാതെ മുൻകൂർ അനുമതി നൽകിയുള്ള പ്രവൃത്തികളുടെ മറവിൽ വൻ അഴിമതിയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചെയർപേഴ്സന്‍റെ ചേംബറിന് മുന്നിൽ നടന്ന പ്രതിഷേധം ടൗൺ ലീഗ് കമ്മിറ്റി പ്രസിഡന്‍റ് നവാസ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, പി.സി. റോയ്, സുമിത്രൻ, ബിധു രാഘവൻ, ബിജു നസറുല്ല, അൻഷാദ് വാഹിദ്, അംബിക, ലേഖ സോമരാജൻ, പി.കെ. അമ്പിളി, പി. ഗീത, മിനി സാമുവൽ, ഷീജ, ഷൈനി തുടങ്ങിയവർ സംസാരിച്ചു. എന്നാൽ, നഗരത്തിലെ വികസന പ്രവർത്തനങ്ങൾ തടയുന്ന സമീപനമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ആരോപിച്ചു. സുതാര്യമായ നിർമാണമാണ് നഗരസഭയിൽ നടക്കുന്നതെന്നും എൽ.ഡി.എഫ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story