Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനദികളുടെ ആഴംകൂട്ടൽ...

നദികളുടെ ആഴംകൂട്ടൽ പദ്ധതി ലക്ഷ്യം കാണുന്നില്ല

text_fields
bookmark_border
ഹരിപ്പാട്: വെള്ളപ്പൊക്കം തടയാൻ നദികളുടെ ആഴംകൂട്ടൽ പ്രവൃത്തി തുടങ്ങി ഒരു വർഷമായിട്ടും പദ്ധതി ലക്ഷ്യംകണ്ടിട്ടില്ല. കുട്ടനാട്ടിലെ പ്രളയത്തെ ചെറുക്കാനുള്ള നദി ആഴംകൂട്ടൽ പദ്ധതി പ്രഹസനമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രളയം ചെറുക്കാനും കൃഷി സംരക്ഷണത്തിനും അച്ചൻകോവിൽ, പമ്പ നദികളിൽ ക്രമാതീതമായി അടിഞ്ഞുകിടക്കുന്ന മണലും ചളിയും എക്കലും നീക്കം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. അച്ചൻകോവിൽ-പമ്പ നദികളുടെ സംഗമ സ്ഥാനമായ വീയപുരം തുരുത്തേൽ കടവുമുതൽ കരുവറ്റ ലീഡിങ് ചാനലിലൂടെ തോട്ടപ്പള്ളി സ്പിൽവേ പൊഴി വരെ 11 കിലോമീറ്റർ നദി ആഴം കൂട്ടാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി കൊട്ടാരക്കര ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലവർഷത്തോടനുബന്ധിച്ച് കമ്പനി നദിയിലെ മണൽ ശേഖരമുള്ള പ്രദേശത്ത് ഖനനം നടത്തിയിരുന്നു. എന്നാൽ, എക്കൽ കൂടുതലായി അടിഞ്ഞ പ്രദേശങ്ങൾ ആഴം കൂട്ടാതെ കമ്പനി പിന്മാറുകയായിരുന്നു. ഇതുമൂലം അധികമായെത്തുന്ന കിഴക്കൻ വെള്ളത്തെയോ മഴവെള്ളത്തെയോ ഉൾക്കൊള്ളാൻ നദികൾക്ക് കഴിയാതെ പോകുന്നു. നീരൊഴുക്കും സുഗമമായില്ല. ആഴംകൂട്ടൽ ശാസ്ത്രീയമായി നടത്താത്തത് മൂലം വെള്ളം ഉൾക്കൊള്ളാനാകാതെ മുമ്പില്ലാത്തവിധം നദികൾ കരകവിയുന്ന അവസ്ഥയുണ്ട്. നെൽകൃഷിക്കും കരകൃഷിക്കും ഓരോ വർഷവും വ്യാപകനാശമാണ് സംഭവിക്കുന്നത്. നദീതീരങ്ങളിലെ വീടുകൾക്കും വെള്ളപ്പൊക്കം ഭീഷണിയാകുന്നു. മണലും ചളിയും നീക്കൽ പഞ്ചായത്തിന്‍റെ മേൽനോട്ടത്തിൽ നടത്താൻ സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതത് മേഖലകളിലെ ഗ്രാമപഞ്ചായത്തുകൾ വഴി പദ്ധതി പ്രാവർത്തികമാക്കാൻ നടപടി സ്വീകരിച്ചാൽ നദി ആഴംകൂട്ടൽ ഫലപ്രദമായി നടത്താൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ തോട്ടപ്പള്ളി പൊഴിമുഖം ആഴംകൂട്ടുന്ന പ്രവർത്തനമാണ് കാര്യക്ഷമമായി നടക്കുന്നത്. കഴിഞ്ഞവർഷം മേയ് 16 മുതൽ നവംബർ 23 വരെ 14,549 ലോഡ് കരിമണലാണ് തോട്ടപ്പള്ളിയിൽനിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് കയറ്റിപ്പോയത്. 2,50,000 ക്യുബിക് മീറ്റർ മണലാണ് പൊഴിമുഖത്തുനിന്ന് ഇറിഗേഷൻ വകുപ്പ് നീക്കാൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബർ വരെ 2,37,010 ക്യുബിക് മീറ്റർ മണൽ എടുത്തു കഴിഞ്ഞു. ജൂൺ 15നുള്ളിൽ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. ഇടവേളക്ക് ശേഷം തോട്ടപ്പള്ളിയിലെ മണലെടുപ്പ് വീണ്ടും ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story