Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:29 AM IST Updated On
date_range 23 May 2022 5:29 AM ISTവീണ്ടും നാശം; മങ്കൊമ്പിൽ മടവീഴ്ച
text_fieldsbookmark_border
ആലപ്പുഴ: മഴ മാറിനിന്നിട്ടും ആശങ്കയൊഴിയാതെ മങ്കൊമ്പിൽ വീണ്ടും മടവീഴ്ച. മങ്കൊമ്പ് മൂലപൊങ്ങപ്ര 200 ഏക്കർ പാടശേഖരത്തിലാണ് മടവീണത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. പുഞ്ച കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിൽ ഇറക്കിയ മത്സ്യകൃഷിക്കാണ് നാശംനേരിട്ടത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്തെ മൂന്ന് പാടശേഖരങ്ങളിൽ നേരത്തേ മടവീണിരുന്നു. ഇതിന് പിന്നാലെയാണിത്. വ്യാപക മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പ്. ഇതേത്തുടർന്ന് തിങ്കളാഴ്ചയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ അനിഷ്ടസംഭവങ്ങളും വലിയ കെടുതികൾ ഇല്ലെങ്കിലും ആശങ്ക നീങ്ങുന്നില്ല. ഈ മാസം ഇതുവരെ 48 കോടിയിലധികം രൂപയുടെ കൃഷിനാശമാണുണ്ടായത്. ആകെ 4031.37 ഹെക്ടറിലെ കൃഷിനശിച്ചതിൽ 7127 കര്‍ഷകരെയാണ് ബാധിച്ചത്. നെല്‍കൃഷിക്കാണ് ഏറ്റവുമധികം നാശനഷ്ടം നേരിട്ടത്. 3016.23 ഹെക്ടറിലെ നെൽകൃഷിനാശം 3684 കര്‍ഷകരെ ബാധിച്ചു. പച്ചക്കറികൾ, വാഴ, കിഴങ്ങുവർഗങ്ങൾ എന്നിവയും വ്യാപകമായി നശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ 38 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിൽ 90 ഷട്ടറുകളും നേരത്തേ തുറന്നതിനാൽ കുട്ടനാടിന് ആശ്വാസമാണ്. എന്നാൽ, പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് വലിയബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആറാട്ടുപുഴയിലും ചേർത്തല ഒറ്റമശ്ശേരിയിലും കടലാക്രമണം രൂക്ഷമാണ്. പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. കുട്ടനാട്ടിലെ നദികളിലും തോടുകളിലുമാണ് ജലനിരപ്പ് ഉയരുന്നത്. എന്നാൽ, അപകടനിലയിൽ വെള്ളമെത്തിയിട്ടില്ല. എന്നാൽ, നദികളിലെ മുന്നറിയിപ്പ് നില മറികടന്നാണ് വെള്ളമുയരുന്നത്. പള്ളാത്തുരുത്തിയിൽ 1.05 മീറ്റർ ആണ് മുന്നറിയിപ്പ് നില. ഞായറാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഇത് 1.14 മീറ്ററായി. അപകടനിലയായ 1.40 മീറ്ററിലേക്ക് എത്തിയിട്ടില്ല. നെടുമുടിയിൽ മുന്നറിയിപ്പ് നില 1.10 ആണ്. ഇവിടെ 1.28 മീറ്റർ ജലമുയർന്നു. അപകടനില 1.45 ആണ്. തണ്ണീർമുക്കത്ത് മുന്നറിയിപ്പ് നിലക്ക് അടുത്ത് ജലമുയർന്നിട്ടില്ല. മഴ 9.01 മി. മീ. ആലപ്പുഴ: ജില്ലയിൽ ഞായറാഴ്ച ശരാശരി ലഭിച്ചത് 9.01 മി. മീറ്റർ മഴ. ചേർത്തല-16.00, മങ്കൊമ്പ്-0.05, മാവേലിക്കര-14.8, കായംകുളം-14.02 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്. കാർത്തികപ്പള്ളിയിൽ മഴ ലഭിച്ചില്ല. ശനിയാഴ്ച രാവിലെ എട്ട് മുതൽ ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story