Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:28 AM IST Updated On
date_range 22 May 2022 5:28 AM ISTസ്റ്റോക്ക് പരിമിതം; സർക്കാർ ആശുപത്രികൾ മരുന്ന് ക്ഷാമത്തിലേക്ക്
text_fieldsbookmark_border
ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ മരുന്ന് സ്റ്റോക്ക് തീരുന്നു. ഒന്നോ രണ്ടോ മാസത്തേക്കുള്ള സ്റ്റോക്കേയുള്ളൂ പലയിടത്തും. ആശുപത്രികൾക്ക് മരുന്ന് നൽകേണ്ട കേരള മെഡിക്കൽ സർവിസസ് കോർപറേഷനിലും മൂന്ന് ആഴ്ചത്തേക്കുള്ള മരുന്നുകളേയുള്ളൂ. ആലപ്പുഴ മെഡിക്കൽ കോളജിന് കീഴിലെ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിലും പുറക്കാട്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജീവിതശൈലീ രോഗങ്ങൾക്ക് ഉൾപ്പെടെ മരുന്ന് ഒരു മാസത്തേക്കാണ് സ്റ്റോക്കുള്ളത്. മഴക്കാല രോഗങ്ങൾ കണക്കിലെടുത്ത് അടുത്ത മാസത്തേക്കുള്ള മരുന്നിന് കേരള മെഡിക്കൽ സെയിൽസ് കോർപറേഷനിലേക്ക് മെഡിക്കൽ ഓഫിസർമാർ ഇൻഡന്‍റ് അയച്ച് കാത്തിരിക്കുകയാണ്. ക്ഷാമത്തിലേക്ക് നീങ്ങവെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും സമീപത്തെ ആശുപത്രികളിൽനിന്നും അവശ്യ മരുന്നുകൾ വാങ്ങി സ്റ്റോക്ക് ചെയ്തു. ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന ഇൻഹെയ്‌ലർ, ഡെരിഫിലിൻ എന്നിവക്കും ചെറിയ ക്ഷാമമുണ്ട്. മാവേലിക്കര ജില്ല ആശുപത്രിയിൽ പേവിഷ പ്രതിരോധമരുന്നിന് ക്ഷാമമുണ്ട്. ഈ മരുന്നിന് വില കൂടുതലായതിനാൽ പുറത്തുനിന്ന് വാങ്ങാറില്ല. കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള രണ്ടുതരം മരുന്നുകളുടെ ക്ഷാമമുണ്ട്. ചെട്ടികാട് ഗവ. ആശുപത്രിയിലും ആര്യാട് പി.എച്ച്.സിയിലും ഇത്തരം മരുന്നുകൾ കുറവാണ്. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ 'ആർദ്രമീ ആര്യാട്' പദ്ധതിയിലും പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ചും അത്യാവശ്യമുള്ളവ പുറത്തുനിന്ന് നേരിട്ട് വാങ്ങുകയാണ്. ടെറ്റനസ് കുത്തിവെപ്പിനുള്ള മരുന്നും കാരുണ്യ, നീതി തുടങ്ങിയ മരുന്ന് കടകളിൽനിന്ന് നേരിട്ടുമാണ് വാങ്ങുന്നത്. പാണ്ടനാട് ഹെൽത്ത് ബ്ലോക്കിന് കീഴിലെ 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ കുറവാണ്. കുട്ടികൾക്കുള്ള സിറപ്പുകളും നേരിയ സ്റ്റോക്ക് മാത്രം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരസ്പരം ഇവ കൈമാറിയാണ് 'പിടിച്ചുനിൽക്കുന്നത്'. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിനും ഒ.ആർ.എസ് ലായനിക്കുള്ള പൊടിയും ഒരാഴ്ചത്തേക്കേയുള്ളൂ. മഴക്കാല രോഗപ്രതിരോധത്തിനുള്ള മരുന്നുകൾ ഇവിടെ ആവശ്യത്തിനുണ്ട്. തണ്ണീർമുക്കം സി.എച്ച്.സിയിൽ എലിപ്പനിക്കുള്ള മരുന്ന് ഫീൽഡിൽ കൊടുക്കുന്നതുകൊണ്ട് സ്റ്റോക്ക് കുറവാണ്. നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ പേവിഷ പ്രതിരോധ മരുന്നിന് ക്ഷാമമുണ്ട്. ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രമേഹത്തിനുള്ള മരുന്ന് ഒരാഴ്ചത്തേക്കേ ഉള്ളൂ. ചുനക്കര പഞ്ചായത്ത് 30 ലക്ഷത്തോളം രൂപയുടെ മരുന്ന് വാങ്ങി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story