Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:30 AM IST Updated On
date_range 21 May 2022 5:30 AM ISTശുചിത്വമിഷൻ പണം നൽകിയില്ല; തദ്ദേശ സ്ഥാപനങ്ങളുടെ മഴക്കാല പൂർവ ശുചീകരണം അവതാളത്തിൽ
text_fieldsbookmark_border
ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കാനാകാതെ തദ്ദേശസ്ഥാപനങ്ങൾ വിഷമിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യദൗത്യവും (എൻ.എച്ച്.എം) ശുചിത്വമിഷനും നൽകിയിരുന്ന പണം ഇത്തവണ ലഭിക്കാത്തതാണ് പ്രതിസന്ധി. തുക വൈകിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് പണം ഉപയോഗിച്ച് ശുചീകരണം നടത്താൻ സർക്കാർ നിർദേശിച്ചു. എന്നാൽ, കോവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളിൽ പലതിനും തനത് ഫണ്ട് ശുചീകരണത്തിനായി നീക്കിവെക്കാനില്ലാത്ത സ്ഥിതിയാണ്. മഴക്കാലപൂർവ ശുചീകരണത്തിനായി എല്ല തദ്ദേശസ്ഥാപന വാർഡുകൾക്കും 30,000 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. 10,000 രൂപവീതം എൻ.എച്ച്.എമ്മും ശുചിത്വമിഷനും നൽകുമ്പോൾ, 10,000 രൂപ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിൽ ഭൂരിഭാഗം വാർഡുകൾക്കും തനത് ഫണ്ടുപോലും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ശുചീകരണം മുടങ്ങിയിരിക്കുകയാണ്. മഴ നേരത്തേയെത്തുകയും ശുചീകരണം മുടങ്ങുകയും ചെയ്തതോടെ കൊതുകുജന്യരോഗങ്ങൾ വ്യാപകമാണ്. ഡെങ്കിപ്പനിക്ക് ചികിത്സതേടുന്നവരുടെ എണ്ണം വർധിച്ചു. ശുചീകരണം പൂർത്തിയാക്കിയില്ലെങ്കിൽ മഴക്കാലരോഗങ്ങൾ വ്യാപകമാകാനുള്ള സാധ്യത കൂടുതലാണ്. ജൂണിൽ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും മഴക്കാലപൂർവ ശുചീകരണത്തിന് ഉപകാരപ്പെടില്ല. ശക്തമായ മഴ വളരെ നേരത്തേ തുടങ്ങി കഴിഞ്ഞതടക്കം കാരണങ്ങളാലാണിത്. മഴക്കാല പൂർവശുചീകരണത്തിന് മുൻവർഷം അനുവദിച്ച ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക് നൽകുന്നവർക്ക് മാത്രമേ ഇക്കുറി പണം അനുവദിക്കൂ എന്ന നിബന്ധനയുമുണ്ട്. ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ കണക്ക് നൽകിയിട്ടില്ലെന്നത് മറ്റൊരു പ്രശ്നം. കഴിഞ്ഞവർഷം നൽകിയ തുക മുഴുവൻ ചെലവഴിക്കാത്ത വാർഡുകൾക്ക് ഇക്കുറി മുഴുവൻ തുകയും നൽകില്ല. കഴിഞ്ഞതവണ മിച്ചമുള്ളത് കഴിച്ചുള്ള തുക മാത്രമേ അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story