Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:28 AM IST Updated On
date_range 19 May 2022 5:28 AM ISTകൂടിയും കുറഞ്ഞും മഴ; ജാഗ്രത വിടാതെ ജില്ല
text_fieldsbookmark_border
ആലപ്പുഴ: ശക്തി കൂടിയും കുറഞ്ഞും മഴ തുടരുക തന്നെയാണ് ജില്ലയിൽ. തുടർച്ചയായി പെയ്യുന്ന മഴക്ക് ചൊവ്വാഴ്ച അൽപം ശമനമുണ്ടായെങ്കിലും രാത്രിയും ബുധനാഴ്ച പുലർച്ചയും കനത്തു. ഉച്ചയോടെയാണ് ശക്തി കുറഞ്ഞത്. യെല്ലോ അലർട്ടിലായ ജില്ലയിൽ വെയിൽ തെളിഞ്ഞില്ല ബുധനാഴ്ച. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാതച്ചുഴികൾ രൂപപ്പെട്ടതിനാൽ മൂന്നുദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രത കർശനമാക്കി. കനത്ത മഴ തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതടക്കം സജ്ജീകരണവും ജില്ല ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഒപ്പം ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശവുമുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴ ലഭിക്കുമെന്നാണു മുന്നറിയിപ്പ്. പിന്നിട്ട 24 മണിക്കൂറിൽ ജില്ലയിൽ 36.64 മില്ലീമീറ്റർ മഴ ലഭിച്ചു. ചേർത്തല-19.00, കാർത്തികപ്പള്ളി-36.4, മങ്കൊമ്പ്-33.4, മാവേലിക്കര-33.4, കായംകുളം-31.00 എന്നിങ്ങനെയാണു മറ്റിടങ്ങളിൽ മഴകിട്ടിയത്. കിഴക്കൻ വെള്ളത്തിൻെറ വരവു കൂടിയതോടെ കുട്ടനാടൻ കർഷകർ ആശങ്കയിലാണ്. ജലനിരപ്പിൽ ബുധനാഴ്ചയും വർധനയുണ്ടായി. കുട്ടനാട്ടിൽ ചൊവ്വാഴ്ച മഴ കുറവായിരുന്നു. എന്നാൽ, ബുധനാഴ്ചത്തെ മഴയും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മഴയുമാണ് വെള്ളം കൂടാൻ ഇടയാക്കിയത്. വിട്ടുമാറാത്ത മഴയടക്കം കാരണങ്ങളാൽ പല പാടശേഖരങ്ങളിലും നെല്ലുസംഭരണം മെല്ലെപ്പോക്കിലാണ്. പലയിടത്തും നെല്ല് ചാക്കിൽ കെട്ടിവെച്ചിട്ടുപോലും സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനിടെ നെല്ല് സംഭരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പി.ആർ.എസ് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇപ്പോൾ സംഭരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാടശേഖരങ്ങളിൽനിന്ന് പതിരിന്റെ പേരിൽ ഒരു ക്വിന്റൽ നെല്ലിന് മൂന്നുമുതൽ ഏഴുവരെ കിലോ കിഴിവാണ് മില്ലുടമകൾ വാങ്ങുന്നത്. ഈർപ്പത്തിന്റെ അടിസ്ഥാനത്തിലും കിഴിവ് കഴിച്ചാണ് തൂക്കം രേഖപ്പെടുത്തുന്നത്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും തുടരുന്ന വെള്ളക്കെട്ടിലും മടവീഴ്ചയിലും ഒട്ടേറെ പാടങ്ങൾ മുങ്ങി. തീരങ്ങളിൽ രൂക്ഷമായ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തെ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story