Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:33 AM IST Updated On
date_range 15 May 2022 5:33 AM ISTആലപ്പുഴ മെഡിക്കൽ കോളജ് വികസനസമിതി യോഗം നാളെ; ചേരുന്നത് മൂന്നുവർഷത്തിനുശേഷം
text_fieldsbookmark_border
അടിയന്തരയോഗം വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നുവര്‍ഷത്തിനുശേഷം വികസന സമിതി യോഗം തിങ്കളാഴ്ച ചേരും. രാവിലെ 11.30ന് വികസന സമിതി ചെയര്‍പേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡോ. രേണുരാജിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. 2019 ജൂലൈ 19ന് ഇതിനുമുമ്പ് യോഗം കൂടിയത്. ആശുപത്രിയില്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും വികസന സമിതിയോഗം വിളിക്കാതിരുന്ന അധികൃതര്‍ അടിയന്തരയോഗം വിളിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന ആക്ഷേപം ശക്തമാണ്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എച്ച്.ഡി.സി സ്റ്റാഫ് പ്രതിഷേധം സംഘടിപ്പിച്ചതോടെ യൂനിയന്‍ നേതാക്കള്‍ കലക്ടറെ സമീപിച്ചെങ്കിലും എച്ച്.ഡി.സി യോഗം കൂടണമെന്ന മറുപടിയാണ് നല്‍കിയത്. ഇതേതുടർന്നാണ് അടിയന്തര യോഗം വിളിക്കാൻ തീരുമാനിച്ചത്. ചികിത്സയിലിരുന്ന കോവിഡ് ബാധിച്ചയാൾ മരിച്ചെന്ന തെറ്റായ വിവരം നല്‍കി, മൃതദേഹം മാറി ബന്ധുക്കള്‍ക്ക് കൈമാറി, 13കാരിയെ സുരക്ഷജീവനക്കാരി മര്‍ദിച്ചതുള്‍പ്പെടെ വിഷയത്തിൽ ജീവനക്കാരില്‍നിന്ന് വീഴ്ചകളുണ്ടായിട്ടും വികസന സമിതിയോഗം വിളിച്ചിരുന്നില്ല. ഫാര്‍മസിയിലും കാരുണ്യയിലും അവശ്യമരുന്നുകള്‍ പലതും ലഭ്യമല്ല. എച്ച്.ഡി.സി യോഗം കൂടി ഇത് സര്‍ക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താന്‍ പോലും തയാറായില്ല. മൂന്നുമാസത്തിലൊരിക്കൽ വികസന സമിതി കൂടണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, മൂന്നുവർഷത്തിനിടെ ഒരിക്കൽപോലും സമിതി കൂടിയിട്ടില്ല. കോവിഡ് മൂലമാണ് കൃത്യമായി ചേരാൻ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. അതിനിടെ, നേരത്തെ ചേർന്ന വികസന സമിതികളിലെടുത്ത പല തീരുമാനങ്ങളും നിർദേശങ്ങളും കടലാസിലൊതുങ്ങിയിരിക്കുകയാണ്. 2021 സെപ്റ്റംബർ ഒമ്പതിലെ ഉത്തരവ് പ്രകാരം ഈ വർഷം ഫെബ്രുവരി 26ന് വികസന സമിതി പുനഃസംഘടിപ്പിച്ചിരുന്നു. പുനഃസംഘടനക്കുശേഷവും വികസന സമിതി കൂടാൻ അധികൃതർ തയാറായിട്ടില്ല. ജില്ല കലക്ടർ ചെയർമാനും ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായ വികസന സമിതിയിൽ എം.പി, എം.എൽ.എ, ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരെ കൂടാതെ 18 അംഗങ്ങളുമുണ്ട്. അംഗങ്ങളായ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വികസന സമിതി ചേരാനുള്ള ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. മെഡിക്കല്‍ കോളജിലെ എച്ച്.ഡി.സിക്ക് മറ്റ് വരുമാനമാര്‍ഗങ്ങളില്ല. വികസന സമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സ്റ്റോറും ലാബുകളും തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാനായിട്ടില്ല. ശൗചാലയങ്ങള്‍ ലേലംചെയ്ത് നല്‍കിയിരുന്നതും വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ ശൗചാലയം തുറക്കാൻപോലും കഴിഞ്ഞിട്ടില്ല. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ആശുപത്രി വികസന സമിതി നിയമാവലി അനുസരിച്ചല്ല നിയമനങ്ങള്‍പോലും നടത്തിയിട്ടുള്ളത്. എച്ച്.ഡി.സി നിയമങ്ങള്‍ക്ക് ആറുമാസമാണ് കാലാവധി. അതിനുശേഷം രണ്ടുമാസംകൂടി നീട്ടിക്കൊടുക്കാം. സെക്യൂരിറ്റി നിയമനം നടത്തുന്നതിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരുടെ പരമാവധി വയസ്സ് 50 കഴിയരുതെന്നും നിർദേശമുണ്ട്. ഇത് കാറ്റിൽപറത്തിയാണ് ഇപ്പോഴും സെക്യൂരിറ്റി നിയമനം. ചിത്രം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
