പ്ലസ് വൺ അപേക്ഷ, അക്ഷയ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ സെന്ററുകളിലും തിരക്ക്
text_fieldsതൊടുപുഴ: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങിയപ്പോൾ ആദ്യദിനമായ തിങ്കളാഴ്ച ജില്ലയിൽ അപേക്ഷിച്ചത് 3569 പേർ. ആദ്യ ദിവസം സെർവർ പ്രശ്നം മൂലം പലർക്കും അപേക്ഷ സമർപ്പിക്കാനായില്ല.
അപേക്ഷ സമർപ്പണം തുടങ്ങിയതോടെ അക്ഷയ കേന്ദ്രങ്ങളിലും സ്വകാര്യ കമ്പ്യൂട്ടർ സെന്ററുകളിലും വിദ്യാർഥികളുടെ തിരക്കേറി. ഓൺലൈനിൽ സ്വന്തമായി അപേക്ഷിക്കാൻ കഴിയാത്തവർക്ക് പഠിച്ച സ്കൂളിലെയോ ജില്ലയിലെ ഏതെങ്കിലും സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും തേടാം. എല്ലാ സ്കൂളിലും ഹെൽപ് ഡെസ്കുകളുണ്ടാവും. എസ്.സി/എസ്.ടി, ഭിന്നശേഷി കുട്ടികളുടെ അഡ്മിഷൻ ഉറപ്പാക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്.
ജില്ലയിൽ ആകെ 11,867 പ്ലസ് വൺ സീറ്റാണുള്ളത്. ഈ വർഷം സീറ്റ് വർധനയില്ല. ആകെ 82 ഹയർ സെക്കൻഡറി സ്കൂളുകളിലായി 238 ബാച്ചുകളുണ്ട്. 122 എണ്ണം സയൻസ് വിഭാഗത്തിലും 73 എണ്ണം കോമേഴ്സ് വിഭാഗത്തിലും 43 എണ്ണം ഹ്യുമാനിറ്റീസ് വിഭാഗത്തിലുമാണ്. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ ഉന്നതപഠനത്തിന് അർഹരായത് 11,294 പേരാണ്. എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണത്തേക്കാൾ അധികം സീറ്റ് ജില്ലയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.