എ.സി റോഡിൽ യാത്രദുരിതം ഇരട്ടിയായി; പണിതീരുന്നതും കാത്ത് നാട്ടുകാർ
text_fieldsആലപ്പുഴ: നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി പാതയിൽനിന്ന് വഴിമാറിയും ചുറ്റിതിരിഞ്ഞും യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
ഗതാഗതക്കുരുക്കിൽപെട്ട് സ്വകാര്യ വാഹനങ്ങൾ നട്ടംതിരിയുമ്പോൾ കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിക്കുറച്ച് യാത്രക്കാരെ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. ഇതിന് മാറ്റമുണ്ടാകാതെ ദുരിതം മാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മേൽപാലം അടക്കം നിർമാണം നടക്കുന്ന പലയിടത്തും റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
നവീകരണത്തിന്റെ പേരിൽ കുട്ടനാട്ടിൽനിന്ന് ആലപ്പുഴയിലേക്കും ചങ്ങനാശ്ശേരിയിലേക്കും എത്താൻ കിലോമീറ്ററുകൾ ചുറ്റിത്തിരിയേണ്ട സ്ഥിതിയാണ്.
നേരിട്ട് രണ്ടിടത്തേക്കും കെ.എസ്.ആർ.ടി.സി സർവിസ് ഇല്ലെന്നതാണ് പ്രധാന പരാതി. ചങ്ങനാശ്ശേരിയിൽനിന്ന് മങ്കൊമ്പ് വരെയാണ് സർവിസുള്ളത്. പിന്നെ പുളിങ്കുന്ന് -ആലപ്പുഴ സർവിസിനായി കാത്തുനിന്നാലും ലക്ഷ്യസ്ഥാനത്ത് എത്താൻ മണിക്കൂറുകളെടുക്കും. നേരിട്ടുള്ള സർവിസുകളിൽ കയറിയാൽ കുരുക്കിൽപെട്ട് നട്ടംതിരിയും. വണ്ടാനം, കൈനകരി വഴി ചുറ്റിത്തിരിഞ്ഞുള്ള യാത്രയിൽ സമയനഷ്ടം ഏറെയാണ്.