പൊക്കാളികൃഷി നശിപ്പിച്ചവർക്കെതിരെ പോരാട്ടത്തിനിറങ്ങി; 98 വയസ്സുകാരിയെ പാടശേഖര യൂനിയൻ പുറത്താക്കി
text_fieldsകൊച്ചി: പൊക്കാളി കൃഷി നശിപ്പിച്ചതിനെതിരെ പരാതി നൽകിയതിന് 98 വയസ്സുകാരിയായ കർഷകയെ പാടശേഖര യൂനിയൻ പുറത്താക്കി. പൊക്കാളി നെൽകൃഷി ചെയ്യുന്ന വിധവയായ ഫിലോമിന ബേബി ജോസഫ് കളത്തിങ്കലിനെയാണ് മറുവാക്കാട് പാടശേഖര കർഷക യൂനിയനിൽനിന്ന് പുറത്താക്കിയത്.
സർക്കാർ വിജ്ഞാപനം ചെയ്ത കാർഷിക കലണ്ടറിന് വിരുദ്ധമായി നെൽകൃഷി സീസണിൽ പാടശേഖരത്തിനുള്ളിൽ പുറംകായലിൽനിന്ന് സംരക്ഷണ ബണ്ട് ദുർബലപ്പെടുത്തി ഓരുജലം പ്രവേശിപ്പിച്ചിരുന്നു. നെൽകൃഷി വ്യാപകമായി നശിച്ചതോടെയാണ് പരാതിയുമായി ഫിലോമിന ബേബി ജോസഫ് രംഗത്തെത്തിയത്.
ഇതിന് പിന്നാലെയാണ് പുറത്താക്കിയതായി അറിയിച്ച് മറുവാക്കാട് പാടശേഖര കർഷക യൂനിയൻ സെക്രട്ടറി കെ.ജെ. ജേക്കബ് കത്ത് നൽകിയത്. എന്നാൽ, പാടശേഖര ഭാരവാഹികൾ പലതരത്തിൽ കർഷകരെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതി വ്യാപകമാണ്. ഓരുജല മത്സ്യകൃഷിയിൽ മാത്രമാണ് താൽപര്യമെന്നും നെൽകർഷകർ ആരോപിക്കുന്നു.
ഇത്തരം നടപടികൾ മൂലം മികച്ച രീതിയിൽ നെൽകൃഷി ചെയ്ത് വിളവെടുക്കാൻ പറ്റാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കൊച്ചി താഹസിൽദാർ 2017ൽ തന്നെ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് കർഷകർ പറയുന്നു. തുടർന്ന് നെൽകർഷകരുടെ ഹരജിയിൽ ഹൈകോടതി ഇടപെട്ടു.
പാടശേഖരത്തിനുള്ളിലെ ജലവിതാനം നെൽകൃഷിക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാൻ അഭിഭാഷകന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥ പ്രതിനിധികൾ ഉൾപ്പെടുന്ന നിരീക്ഷണ സമിതിയെ ഏൽപിച്ചു. നിരീക്ഷണ സമിതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയാണ് പതിറ്റാണ്ടുകളായി നെൽകൃഷി ചെയ്തുവന്നിരുന്ന കർഷകയെ പുറത്താക്കിയിരിക്കുന്നത് കർഷകർ പറയുന്നു. നിരീക്ഷണ സമിതിക്ക് ഇത് സംബന്ധിച്ച് പരാതി സമർപ്പിച്ചെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ല. പൊക്കാളി നിലവികസന ഏജൻസിയുടെ ചെയർമാൻ കൂടിയായ കലക്ടർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

