ശ്രീധരെൻറ സ്വപ്നങ്ങൾക്ക് മേൽ സർക്കാർ റോഡ് പണിയും
text_fieldsകോഴിക്കോട്: കേറിക്കിടക്കാനൊരു വീട് എല്ലാവരുെടയും സ്വപ്നമാണ്. 29 വർഷംമുമ്പ് ആ സ്വപ്നത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തെന്ന തകർന്നുവീണ കഥയാണ് ദലിത് കുടുംബാംഗമായ ശ്രീധരന് പറയാനുള്ളത്. കുറ്റിക്കാട്ടൂരിൽ വാടകക്ക് താമസിക്കുന്ന ശ്രീധരൻ വീടെന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയായാണ് മാങ്കാവിൽ കൊമ്മേരിക്കടുത്ത് അഞ്ചേമുക്കാൽ സെൻറ് സ്ഥലം വാങ്ങുന്നത്.
സംഗം തിയറ്ററിലെ ടിക്കറ്റ് വിൽപനക്കാരനായിരുന്നു ശ്രീധരൻ. തിയറ്റർ പൂട്ടിയപ്പോൾ കിട്ടിയ പണവും കുറച്ച് സമ്പാദ്യവും കൂട്ടിവെച്ചായിരുന്നു സ്ഥലം സ്വന്തമാക്കിയത്. ദലിതർക്കുള്ള സർക്കാർ ധനസഹായത്തിലൂടെ വീട് വെക്കാമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, സ്വന്തം വീടെന്ന ആഗ്രഹത്തിലേക്കായി നടപടികൾ തുടങ്ങിയപ്പോഴാണ് അറിയുന്നത് ഇൗ സ്ഥലം റോഡ് വികസനത്തിെൻറ ഭാഗമായി ഡിപ്പാർട്മെൻറ് ഒാഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് സ്കീമിൽ ഉൾപ്പെട്ടതാണെന്ന്.
സ്ഥലം ഏറ്റെടുക്കാൻ പോകുന്നതിനാൽ വീടുവെക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു. അതോടെ വീടുപണി നിലച്ചു. ശ്രീധരനും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം വാടക വീട്ടിൽ തന്നെ തുടരേണ്ടിയും വന്നു. ശ്രീധരന് ഇപ്പോൾ 73 വയസ്സായി. രണ്ട് പെൺമക്കളെ വിവാഹം ചെയ്തയച്ചു. മകന് 40 വയസ്സായി. മകന് സ്വകാര്യ കമ്പനിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. വീടില്ലാത്തതിനാൽ മകെൻറ വിവാഹവും നടക്കുന്നില്ല.
സ്ഥലം ഏറ്റെടുക്കുേമ്പാൾ പണം കിട്ടുകയാണെങ്കിൽ മറ്റെവിടെയെങ്കിലും സ്ഥലമോ വീടോ വാങ്ങാമെന്ന പ്രതീക്ഷയിലാണ് ശ്രീധരൻ. എം.എൽ.എമാരോടോ മറ്റ് അധികൃതരോടോ അന്വേഷിക്കുേമ്പാൾ എന്തായാലും ഏറ്റെടുക്കുമെന്ന് പറയുന്നു. പൊന്നും വില കിട്ടുമെന്നാണ് പറയുന്നത്. മുമ്പ് മൂന്നരലക്ഷം രൂപ സെൻറിന് നൽകുമെന്നായിരുന്നു പറഞ്ഞത്. ഏഴ് ലക്ഷത്തിലേറെ മാർക്കറ്റ് വിലയുള്ളതാണ് സ്ഥലം.
ശ്രീധരൻ ഉൾപ്പെടെ 42ഒാളം പേരുടെ സ്ഥലമാണ് നഷ്ടമാകുന്നത്. അതിൽ 13 പേർക്ക് വീടും നഷ്ടപ്പെടുന്നുണ്ട്. സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ ഒട്ടേറെ യോഗങ്ങളും ചർച്ചകളും നടന്നു. കലക്ടർ, എം.എൽ.എ, മുൻകാലങ്ങളിലെ രണ്ട് മുഖ്യമന്ത്രിമാർ എന്നിവർക്കെല്ലാം പരാതി നൽകി. ഉടൻ ശരിയാകുമെന്നല്ലാതെ ഒരു മറുപടിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
