തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം : വ്യത്യസ്തവും വിചിത്രവുമായ ഉത്തരവിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന പ്തിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ നടപടികളെല്ലാം അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതാണ്. എല്ലാ വര്‍ഷവും സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി പദ്ധതി തയാറാക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല.
ജനുവരിയില്‍ തയാറാക്കേണ്ട പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖയും കെടുകാര്യസ്ഥത കൊണ്ട് അഞ്ചാം മാസത്തില്‍ മാത്രമാണ് തയാറാക്കിയത്. 2022-23 ബജറ്റിന്റെ അനുബന്ധത്തിലാണ് ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബജറ്റിന് വിരുദ്ധമായി 2021-22 ലെ ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് പദ്ധതി ഉണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഇത് നിയമസഭയെ അവഹേളിക്കുന്നതും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. റോഡുകളുടേത് ഉള്‍പ്പെടെയുള്ള മെയിന്റനന്‍സ് ഗ്രാന്റും വന്‍തോതില്‍ വെട്ടിക്കുറച്ചു. ബജറ്റിലെ പദ്ധതി വിഹിതം നോക്കിയും ഗ്രാമസഭകള്‍ ചേര്‍ന്നും വികസന സെമിനാറുകള്‍ നടത്തിയുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ വികസന പദ്ധതികള്‍ തയാറാക്കുന്നത്. എന്നാല്‍ അതിനെയെല്ലാം അട്ടിമറിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പദ്ധതി വിഹിതം സര്‍ക്കാരിന്റെ കയ്യിലില്ല. അത് മറച്ചു വയ്ക്കാനാണ് പദ്ധതി വഹിക്കുന്നത്. അവസാന നിമിഷം ഈ പണം അനുവദിച്ചാലും തദ്ദേശ സ്ഥാപനങ്ങള്‍ അത് ചെലവഴിക്കാനാകില്ല. അതും ലാഭമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ വര്‍ഷം ചെലവഴിക്കാത്ത തുക കൂടി ചേര്‍ത്ത് അടുത്ത വര്‍ഷത്തേക്കുള്ള ഫണ്ട് നല്കുന്ന പതിവും ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
നിബന്ധനകള്‍ വച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ഗ്രാമസഭകള്‍ക്കും വികസന സെമിനാറുകല്‍ക്കും പ്രസക്തി ഇല്ലാതായിരിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ അടയാളമാണ് പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
തദ്ദേശഫണ്ട് വെട്ടിക്കുറച്ചെന്ന് പ്രതിപക്ഷം; പൂർണമായി നൽകുമെന്ന് മന്ത്രി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറക്കുന്നെന്നും ബജറ്റിൽ അനുവദിച്ച തുകയിൽ കുറവുവരുത്തിയെന്നും നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്നും മെയിന്റനൻസ് ഗ്രാന്റ് കുറഞ്ഞത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ ഇക്കൊല്ലവും ലഭ്യമാക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ മറുപടി നൽകി. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം സർക്കാർ തിരിച്ചെടുത്തിട്ടില്ലെന്ന് നജീബ് കാന്തപുരത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ബജറ്റില്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ഉത്തരവ് താൽക്കാലികമാണ്. ധനകാര്യകമീഷൻ ശിപാര്‍ശ പരിശോധിച്ച് വിഹിതം നല്കുന്നതില് കാലതാമസം വരുന്നതു കൊണ്ടാണ് പദ്ധതി രൂപവത്കരണം വൈകാതിരിക്കാൻ കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ നടപടിക്ക് നിർദേശിച്ചത്. പുതുക്കിയ വിഹിതം അനുവദിക്കാൻ നടപടികള്‍ ആരംഭിച്ചു. മെയിന്റനന്‍സ് ഗ്രാന്റിൽ ചില ജില്ല പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ വളരെ കുറവുവന്നു. ഇത് മനസ്സിലാക്കി തല്ക്കാലം മുന്‍വര്‍ഷത്തേതിന്റെ അടിസ്ഥാനത്തിലെന്ന് ഉത്തരവിറക്കി. പരാതികള്‍ പരിഗണിച്ച് ബജറ്റില്‍ പറഞ്ഞ മുഴുവന്‍ തുകയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ ഏപ്രിലിലാണ് പുറത്തിറങ്ങിയത്. അത് വൈകിയതുകൊണ്ടാണ് പദ്ധതി രൂപവത്കരണത്തിന് കാലതാമസം വന്നതെന്നും മന്ത്രി പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനാണ് ശ്രമമെന്ന് നജീബ് കാന്തപുരം കുറ്റപ്പെടുത്തി. ബജറ്റ് വെറും തട്ടിപ്പാണെന്ന് അത് അവതരിപ്പിച്ചവര്‍തന്നെ വ്യക്തമാക്കുകയാണ്. പദ്ധതി അംഗീകരിച്ച് ഡാറ്റ എന്‍ട്രി നടത്തുമ്പോഴാണ് സര്‍ക്കാര്‍ അത് അട്ടിമറിച്ച് പുതിയ ഉത്തരവിറക്കിയത്. ഇനി പദ്ധതി അംഗീകരിച്ചാല്‍ അത് നടപ്പാക്കാനുള്ള സമയം ലഭിക്കില്ല. സര്‍ക്കാര്‍ പാപ്പരാണെങ്കില് അത് പറയണമെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ജനുവരിയില്‍ തയാറാക്കേണ്ട പതിനാലാം പദ്ധതിയുടെ മാര്‍ഗരേഖ ഏപ്രില്‍വരെ വൈകിപ്പിച്ചത് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

