തദ്ദേശസ്ഥാപന വാർഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിലേത് രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റ് ജില്ലകളിലേത് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18ന് രാവിലെ 10ന് നടക്കും. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടത്തും.
14 ജില്ല പഞ്ചായത്തുകളിലേക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിലെയും ഉച്ചക്ക് രണ്ടിന് കൊല്ലം മുനിസിപ്പൽ കോർപറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.
18ന് കൊച്ചി കോർപറേഷൻ ടൗൺഹാളിൽ രാവിലെ 10ന് കൊച്ചി മുനിസിപ്പൽ കോർപറേഷനിലെയും 11.30ന് തൃശൂർ മുനിസിപ്പൽ കോർപറേഷനിലെയും നറുക്കെടുപ്പ് നടത്തും.
21ന് കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പൽ കോർപറേഷനിലെയും 11.30ന് കണ്ണൂർ മുനിസിപ്പൽ കോർപറേഷനിലെയും നറുക്കെടുപ്പ് നടത്തും.
മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 16ന് അതത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10ന് നടക്കും.
വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

