തദ്ദേശം: തിരുത്തലിന്റെ അനിവാര്യത ചർച്ച ചെയ്ത് സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചും തുടർഭരണമെന്ന ലക്ഷ്യം മുന്നിൽ കണ്ടും സി.പി.എം നേതൃയോഗങ്ങൾ. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നതിന് പിന്നാലെ രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച ആരംഭിച്ചു. ഭരണവിരുദ്ധ വികാരമില്ലെന്ന് വിലയിരുത്തുമ്പോഴും സർക്കാർ കൂടുതൽ ജനകീയമാവണമെന്ന വാദം സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. തിരുത്തേണ്ടവ പാർട്ടിതലത്തിലും ഭരണത്തിലും ഉണ്ടെങ്കിൽ അത് വൈകരുതെന്ന പൊതുവികാരമാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായത്.
സംഘടന വീഴ്ചകൾ, ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത കുറയൽ, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകൾ, അമിത ആത്മവിശ്വാസം, സാധാരണക്കാരെ പാർട്ടിയുമായി അടുപ്പിച്ച് നിർത്താൻ ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകാതിരുന്നത് എന്നിങ്ങനെ പല കാരണങ്ങളാണ് തോൽവിയുമായി ബന്ധപ്പെട്ട് ഉയർന്നത്. ശബരിമല സ്വർണക്കൊള്ള വിഷയം മാത്രമല്ല തെരഞ്ഞെടുപ്പ് പരാജയ കാരണമെന്ന വിലയിരുത്തലുമുണ്ടായി. സെക്രട്ടേറിയറ്റ് തയാറാക്കിയ അവലോകന റിപ്പോർട്ടിലൂന്നി നടന്ന സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയിൽ പാർട്ടിയും സർക്കാറും ജനങ്ങളിലേക്ക് കൂടുതൽ കടന്നു ചെല്ലണമെന്ന അഭിപ്രായമുണ്ടായി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ വർധനയടക്കം നടത്തിയ പ്രഖ്യാപനങ്ങൾ പലതും ഫലം ചെയ്തില്ല. ജനവികാരം പഠിച്ച് തിരുത്തേണ്ടതിന്റെ ആവശ്യകതയേറി.
ഭരണവിരുദ്ധ വികാരമില്ലെങ്കിലും ഭരണത്തിന് സ്വീകാര്യത വർധിപ്പിക്കാനായില്ലെന്ന വിലയിരുത്തലുമുണ്ടായി. തിരുവനന്തപുരം കോർപറേഷനടക്കം പാർട്ടിക്ക് മികച്ച അടിത്തറയുണ്ടായിരുന്ന തദ്ദേശ സ്ഥാപനങ്ങൾ പലതും കൈവിട്ട കാരണം പരിശോധിച്ച്, പോംവഴി കാണണം. സ്ഥാനാർഥി നിർണയത്തിലെ പോരായ്മകൾ മാത്രമായി പരാജയകാരണങ്ങൾ പരിമിതപ്പെടുത്തരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

