തെക്കൻ തദ്ദേശപ്പോരിന്റെ പരസ്യപ്രചാരണത്തിന് ആവേശ കൊടിയിറക്കം
text_fieldsതിരുവനന്തപുരം പൂജപ്പുര ജങ്ഷനിലെ കൊട്ടിക്കലാശം (ചിത്രം: പി.ബി.ബിജു), എറണാകുളം കറുകപള്ളിയിൽ നിന്ന് (ചിത്രം: ബൈജു കൊടുവള്ളി)
തിരുവനന്തപുരം:തെക്കൻമേഖലയിലെ തദ്ദേശപ്പോരിന്റെ പരസ്യപ്രചാരണം അവസാനിച്ചു. വീറും വാശിയും നിറഞ്ഞ പോരാട്ടച്ചൂടിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണത്. തിങ്കളാഴ്ചയിലെ നിശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ച ഏഴ് ജില്ലകൾ പോളിങ് ബൂത്തിലേക്ക് നീങ്ങും.
രണ്ടാംഘട്ടം വടക്കൻ മേഖലയിലെ ഏഴ് ജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്‍റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
എറണാകുളം കറുകപള്ളിയിലെ കൊട്ടിക്കലാശം
വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ
ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക്പോൾ നടക്കും. മോക്പോൾ ഫലം പരിശോധിച്ച് ഡിലീറ്റ് ചെയ്യും. ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും വരി നിൽക്കാതെ വോട്ട് രേഖപ്പെടുത്താം.
രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിലേക്കും വോട്ടെടുപ്പില്ല. ഈ വാര്‍ഡുകളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കും ഒരിടത്ത് ലീഗിനും എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

