തദേശ തിരഞ്ഞെടുപ്പ് : സ്ഥാനാർഥികൾക്ക് ഇനി ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കാം
text_fieldsകോഴിക്കോട് : തദേശ സ്ഥാപനങ്ങളിലെ അടുത്ത ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ഇനി ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ. തദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നിർബന്ധമായ ചെലവുകണക്ക് സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകമാണ് സ്ഥാനാർഥികൾ നിശ്ചിതഫോറത്തിൽ ബന്ധപ്പെട്ട അധികാരിക്ക് കണക്ക് സമർപ്പിക്കേണ്ടത്. ഇനി കമീഷന്റെ പോർട്ടലായ www.sec.kerala.gov.in ൽ കാൻഡിഡേറ്റ് രജിസ്ട്രേഷൻ നടത്തി തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാം.
പുതിയ സംവിധാനം വഴി തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സ്ഥാനാർഥികൾക്ക് നേരിട്ടോ സേവനകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി രേഖകൾ സമർപ്പിക്കാൻ കഴിയും. കണക്ക് യഥാസമയം അപ് ലോഡ് ചെയ്യുന്നവർക്ക് കൈപ്പറ്റ് രസീതും ഉടൻ ലഭിക്കും.
2020 ഡിസംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചവരും യഥാസമയം അപാകതകൾ കൂടാതെ കണക്ക് നൽകാത്തവരുമായ 9016 സ്ഥാനാർഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു.
തദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവ് യഥാസമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനവും നിലവിൽ വന്നു. ബന്ധപ്പെട്ട തദേശ സ്ഥാപന സെക്രട്ടറിമാരാണ് റിപ്പോർട്ട് അയക്കേണ്ടത്. ഒഴിവുണ്ടായി ഏഴു ദിവസത്തിനകം കമീഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. മെയിൽ വഴിയോ തപാൽ വഴിയോ ആണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ക്രമീകരണം സംബന്ധിച്ച് കമീഷൻ സർക്കുലർ പുറപ്പെടുവിച്ചു. ചെലവ് കണക്ക് സമർപ്പിക്കുന്നതിനും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സോഫ്റ്റ് വെയറുകൾ തയാറാക്കിയത് ഇൻഫർമാറ്റിക്സ് സെന്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

