എറണാകുളത്ത് പഞ്ചായത്തുകളിൽ യു.ഡി.എഫിന് നേട്ടം
text_fieldsഉല്ലാസ് തോമസ് ഷൈനി ജോർജ്
കൊച്ചി: എറണാകുളം ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന് മേൽക്കൈ. 82 പഞ്ചായത്തുകളിൽ 46ൽ യു.ഡി.എഫും 30ൽ എൽ.ഡി.എഫും ഭരണം പിടിച്ചപ്പോൾ ട്വൻറി20 സാരഥികളായ വനിതകളാണ് നാല് പഞ്ചായത്തുകളിൽ അധ്യക്ഷരായത്.
ക്വോറം തികയാത്തതിനാൽ വെങ്ങോല, വാഴക്കുളം പഞ്ചായത്തുകളിലും വാഴക്കുളം ബ്ലോക്കിലും തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി. അഞ്ച് അംഗങ്ങളുള്ള യു.ഡി.എഫും നാല് അംഗങ്ങളുള്ള ട്വൻറി20യും വിട്ടുനിന്നതോടെയാണ് വാഴക്കുളം ബ്ലോക്കിൽ േക്വാറം തികയാതെ പോയത്. വാഴക്കുളം പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്കരിക്കുകയും വെങ്ങോലയില്‍ എല്‍.ഡി.എഫ്, ട്വൻറി 20 അംഗങ്ങളും ഒരു ലീഗ് പ്രതിനിധിയും വിട്ടുനിൽക്കുകയും ചെയ്തതിനാൽ ഇവിടങ്ങളിലും േക്വാറം തികഞ്ഞില്ല.
14 ബ്ലോക്ക് പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന 13 എണ്ണത്തിൽ ഏഴിടത്ത് യു.ഡി.എഫിനും ആറിടത്ത് എൽ.ഡി.എഫിനുമാണ് ഭരണം. ആയവന, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻറുമാരെ തെരഞ്ഞെടുത്തത്.
ആയവനയിൽ പ്രസിഡൻറ് സ്ഥാനം മുസ്ലിംലീഗിനും വൈസ് പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിനും ലഭിച്ചപ്പോൾ കടുങ്ങല്ലൂരിൽ പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡൻറ് സ്ഥാനം സി.പി.ഐക്കുമാണ്. ഇലഞ്ഞി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസിലെ അന്നമ്മ ആൻഡ്രൂസ് പ്രസിഡൻറായി.
നെടുമ്പാശ്ശേരി പഞ്ചായത്തിൽ കോൺഗ്രസ് വിമതനായ സ്വതന്ത്രൻ പി.വി. കുഞ്ഞും പൈങ്ങോട്ടൂരിൽ സ്വതന്ത്ര സിസി ജയ്സണും യു.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറുമാരായി. എടത്തല ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ പ്രീത കുഞ്ഞുമോൻ എതിരില്ലാതെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
ഉല്ലാസ് തോമസ് പ്രസിഡൻറ്; ഷൈനി ജോർജ് വൈസ് പ്രസിഡൻറ്
കൊച്ചി: എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറായി യു.ഡി.എഫിലെ ഉല്ലാസ് തോമസും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഷൈനി ജോർജ് ചിറ്റിനപ്പിള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കോൺഗ്രസ് പ്രതിനിധികൾ. ആകെ 27 അംഗങ്ങളിൽ 16 വോട്ട് വീതം ഇവർ നേടി. ട്വൻറി20 അംഗങ്ങളായ രണ്ട് പേർ വിട്ടുനിന്നു. എൽ.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർഥി എ.എസ്. അനിൽകുമാറും വൈസ് പ്രസിഡൻറ് സ്ഥാനാർഥി ശാരദ മോഹനും ഒമ്പതു വോട്ട് വീതം നേടി. ഐ ഗ്രൂപ്പുകാരനായ ഉല്ലാസ് ആദ്യ മൂന്നുവർഷവും എ ഗ്രൂപ്പുകാരനായ മനോജ് മൂത്തേടൻ രണ്ടുവർഷവും പ്രസിഡൻറാകുമെന്നാണ് ധാരണ. കറുകുറ്റിയിൽനിന്നാണ് ഷൈനി ജോർജ് തെരഞ്ഞെടുക്കപ്പെട്ടത്.