തൃശൂരിൽ എൽ.ഡി.എഫ് തുടരും; ആധിപത്യത്തിന് ഇടിവുണ്ടാകും
text_fieldsതൃശൂർ: ജില്ലയിൽ എൽ.ഡി.എഫിന്റെ മേൽക്കൈ തുടരുന്ന കാഴ്ചയാണ് അവസാന ദിവസങ്ങളിലും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഗംഭീര വിജയം ആവർത്തിക്കാനാകുമോയെന്നതാണ് ചോദ്യം. രണ്ടു നഗരസഭകളും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളുമൊഴികെ ജില്ലയിൽ നേടിയ തകർപ്പൻ വിജയം ഇത്തവണ ആവർത്തിക്കാനിടയില്ല. യു.ഡി.എഫ് തിരിച്ചുവരവിന്റെ സൂചനകൾ നൽകുമ്പോഴും ഇടതുപക്ഷത്തിന് പൂർണ വെല്ലുവിളിയുയർത്താനായിട്ടില്ല. സുരേഷ് ഗോപി ഇഫക്ടിൽ അങ്കത്തട്ടിലെത്തിയ എൻ.ഡി.എക്കും അവകാശപ്പെടുന്നപോലെ നേട്ടം കൈവരിക്കാൻ സാധിക്കില്ല.
കോൺഗ്രസ് വിമതരെ ഒപ്പം നിർത്തി അഞ്ചു വർഷം ഇടതുപക്ഷം ഭരിച്ച തൃശൂർ കോർപറേഷനിൽ കടുത്ത പോരാട്ടമാണ്. യു.ഡി.എഫ് നേരിയ മേൽക്കൈ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിമതർ ഇത്തവണയും വീഴ്ത്തുമോയെന്ന ഭയമുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി എൽ.ഡി.എഫ് ഇത്തവണ സ്വന്തം നിലയിൽതന്നെ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്. കോർപറേഷൻ പിടിക്കുമെന്ന അവകാശവുമായി രംഗത്തിറങ്ങിയ ബി.ജെ.പി ഇത്തവണയും മൂന്നാമതാകാനാണ് സാധ്യത. മൂന്നു മുന്നണികൾക്കും വിമതരുള്ള കോർപറേഷനിൽ കോൺഗ്രസിന്റെ മൂന്ന് ശക്തരായ വിമതർ ഭരണം നിശ്ചയിക്കാനുള്ള കരുത്ത് കാണിച്ചേക്കും. ജില്ല പഞ്ചായത്തിൽ ഇടതുമുന്നണി തന്നെ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ് സീറ്റുനില മെച്ചപ്പെടുത്തിയേക്കും.
ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകളിൽ കനത്ത മത്സരം നടക്കുന്നുണ്ടെങ്കിലും ഭരണമുന്നണിയായ എൽ.ഡി.എഫിന് നേരിയ മേൽക്കൈയുണ്ട്. കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫും എൻ.ഡി.എയും ശക്തമായ പോരാട്ടത്തിലാണ്. ഇവിടെ യു.ഡി.എഫ് നാലു സീറ്റ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഭരണത്തിലുള്ള ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും യു.ഡി.എഫ് ശക്തമായ മത്സരം നേരിടുന്നുണ്ട്. എൽ.ഡി.എഫ് ഭരിച്ചിരുന്ന ചാവക്കാട് നഗരസഭയിലും കനത്ത പോരാട്ടമാണ്.
86 ഗ്രാമപഞ്ചായത്തുകളിൽ 60 മുതൽ 65 വരെ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം പ്രതീക്ഷിക്കുന്നു. കോൺഗ്രസ് കഴിഞ്ഞ തവണത്തെ 13 ഗ്രാമപഞ്ചായത്തുകൾ എന്നുള്ളത് ഇരട്ടിയാക്കും. കഴിഞ്ഞ തവണ ഭരണം നേടിയ അവിണിശ്ശേരിക്കു പുറമെ ഒരു പഞ്ചായത്തിൽകൂടിയാണ് എൻ.ഡി.എ ഭൂരിപക്ഷമുണ്ടാകുമെന്ന് വിലയിരുത്തുന്നത്. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും ഇടതിനൊപ്പം തന്നെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

