കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ ബി.ജെ.പിയല്ല, ലീഗാണ് മൂന്നാംസ്ഥാനത്ത്
text_fieldsകോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് കോൺഗ്രസ് പിന്നിൽ സി.പി.എമ്മും, അതുകഴിഞ്ഞ് ബി.ജെ.പിയാണെന്ന് കരുതിയെങ്കിൽ തെറ്റി; ആ സ്ഥാനം മുസ്ലിം ലീഗിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 7816 സീറ്റുകളിൽ ജയിച്ചാണ് കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റപ്പാർട്ടിയായത്.
ഗ്രാമപഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ല പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിച്ചു. കോർപറേഷനുകളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 148 പേരാണ് ജയിച്ചത്.
7454 പേരെയാണ് സി.പി.എം വിജയിപ്പിച്ചത്. കോൺഗ്രസും സി.പി.എമ്മും തമ്മിൽ 362 സീറ്റുകളുടെ വ്യത്യാസം. 5541 പേരെ ഗ്രാമപഞ്ചായത്തിലേക്കും 743 പേരെ ബ്ലോക്ക് പഞ്ചായത്തിലേക്കും 113 പേർ ജില്ല പഞ്ചായത്തിലേക്കും 946 പേരെ നഗരസഭകളിലേക്കും 111 പേരെ കോർപറേഷനിലേക്കും വിജയിപ്പിക്കാൻ സി.പി.എമ്മിന് സാധിച്ചു.
യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ് മൂന്നാംസ്ഥാനത്ത്. 2844 സീറ്റുകളാണ് ലീഗ് നേടിയത്. നാലാം സ്ഥാനത്തുള്ള ബിജെപിക്ക് 1913 സീറ്റുകളിലാണ് താമര ചിഹ്നത്തിൽ സ്ഥാനാർഥികളെ വിജയിപ്പിക്കാനായത്. എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ തങ്ങൾ തന്നെയാണ് മുന്നണിയിൽ ശക്തരെന്ന് തെളിയിച്ച് അഞ്ചാം സ്ഥാനത്തുണ്ട്. 1018 സീറ്റുകളിൽ സി.പി.ഐ ജയിച്ചു.
കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിൽ തങ്ങളാണ് ശക്തരെന്ന് തെളിയിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ആറാംസ്ഥാനത്താണ്. 332 സീറ്റുകളിലാണ് അവർ ജയിച്ചത്. മധ്യതിരുവിതാംകൂറിലെ ശക്തരെന്ന് അവകാശപ്പെട്ടിറങ്ങിയ എൽ.ഡി.എഫിലെ കേരള കോൺഗ്രസ് എമ്മിനാകട്ടെ 246 സീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ. അവർക്ക് പിന്നിൽ 97 സീറ്റുകളിൽ ജയിച്ച എസ്.ഡി.പി.ഐയാണ് എട്ടാം സ്ഥാനത്ത്.
ട്വന്റി 20, 78 ലും ആർ.ജെ.ഡി 63 ലും ആർ.എസ്.പി ബി 57 ലും ജെ.ഡി.എസ് 44 ലും വിജയംകണ്ടു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 34 ലും വിജയിച്ചു. വെൽഫെയർ പാർട്ടി 31 സീറ്റുകൾ നേടി. അതിനുപുറമെ അവരുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥികളും പലയിടങ്ങളിലും ജയിച്ചിട്ടുണ്ട്. ആർ.എസ്.പി (29), എൻ.സി.പി (എസ്.പി) (25), സി.എം.പി (സി.പി ജോൺ) വിഭാഗം പത്ത് ഐ.എൻ.എൽ നാഷണൽ സെക്യുലർ പാർട്ടി ഒമ്പത്, മാണി സി. കാപ്പന്റെ കെ.ഡി.പി എട്ട് സീറ്റുകളിലും വിജയിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 1403 സ്വതന്ത്രരാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറിയത്. ഇതിൽ പലരും പലയിടങ്ങളിലേയും ഭരണം ആര് നിർവഹിക്കണമെന്ന കാര്യത്തിൽ നിർണായക സ്വാധീനമാകും വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

