Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു സ്ഥാനാർഥിക്ക് എത്ര...

ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ
cancel

തിരുവനന്തപുരം: തദ്ദേശ തെര​ഞ്ഞെടുപ്പിൽ പ്രചാരണം ചൂടുപിടിക്കുമ്പോൾ സ്ഥാനാർഥികളും പാർട്ടികളും പൊടിപൊടിക്കുന്ന പണത്തിന് കൈയും കണക്കുമുണ്ടാവില്ല. എന്നാൽ, അങ്ങനെ തോന്നിയത് പോലെ പണം ചെലവഴിച്ച് പ്രചാരണം നടത്താൻ നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെന്നാണ് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണർ വ്യക്തമാക്കുന്നത്.

ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയാണെന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാർത്ഥികൾക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയുമാണ് പരിധി.

പരിധിയിൽ കൂടുതൽ ചെലവഴിച്ചാൽ അഞ്ച് വർഷം അയോഗ്യത

വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും.

എത്ര തുക കെട്ടിവെക്കണം?

സ്ഥാനാർത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

പ്രചാരണത്തിൽ ഇക്കാര്യങ്ങൾ പാലിക്കണം:

സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാതൃകാ പെരുമാറ്റചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പൊലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവർത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് വരെ മാത്രമെ പാടുള്ളൂ.

സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം.

മദ്യം നിരോധിക്കും

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകും.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറൽ ഒബ്സർവർ ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷൻ നിയമിക്കും. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷൻ നിയോഗിക്കും.

പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങൾ മോണിറ്റർ ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്സ്മെന്റ് സ്ക്വാഡ് ഉണ്ടാകും.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാർഗ്ഗങ്ങൾ മാത്രം സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമീഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionElection CommissionMalayalam NewsKerala News
News Summary - Local Body Election: Election Commission says How much can a candidate spend?
Next Story