'ഇടത് ഹിന്ദുത്വ’ ആഖ്യാനം ഒരു വിഭാഗത്തെ വഴിതെറ്റിക്കുന്നു'; നമ്മുടെ വീഴ്ചകൾ നിമിത്തങ്ങളായിട്ടുണ്ടോയെന്ന് ചോദിച്ച് തോമസ് ഐസക്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം ഇടതുപക്ഷത്തുനിന്നും അകന്നെന്നും ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയുന്നുവെന്നും, അക്കാര്യത്തിൽ വീഴ്ചകളുണ്ടായോയെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്.
ഫലസ്തീൻ ഐക്യദാർഡ്യ കാമ്പയിൻ തുടരുമ്പോഴാണ് ന്യൂനപക്ഷങ്ങൾ അകന്നത്. തെരഞ്ഞെടുപ്പിൽ ഇതുപോലൊരു തിരിച്ചടി കരുതിയില്ല. 2021 ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കാരണം, അത് അത്രക്ക് ഉയർന്നതായിരുന്നു.
കേരള സർക്കാരിന്റെ വികസനനേട്ടങ്ങൾ തെളിഞ്ഞുനിന്ന കാലമാണിത്. ക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരുടെ പ്രതീക്ഷകൾക്കപ്പുറമാണ്. കിഫ്ബി വഴിയും അല്ലാതെയും വമ്പൻ പദ്ധതികൾ പൂർത്തിയായി. പക്ഷേ, ഭരണവിരുദ്ധ വികാരത്തെക്കുറിച്ചാണ് മാധ്യമങ്ങൾ പറയുന്നത്. ഇത് എങ്ങനെ സംഭവിച്ചു? മറിച്ചുള്ള ആഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം സൃഷ്ടിച്ചെടുത്തത് എങ്ങനെ? അതിന് നമ്മുടെ എന്തെങ്കിലും പോരായ്മകൾ നിമിത്തങ്ങളായിട്ടുണ്ടോ? സി.പി.എമ്മിന്റെ ഇന്നത്തെ രാഷ്ട്രീയകാഴ്ചപ്പാടിൽ ഒരു സുപ്രധാന കേന്ദ്രഘടകം ന്യൂനപക്ഷ സംരക്ഷണമാണ്. കാരണം ന്യൂനപക്ഷവിരുദ്ധ വർഗീയരാഷ്ട്രീയം അടിസ്ഥാനമാക്കിയാണ് ബി.ജെ.പി അധികാരം പിടിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും 24ാം പാർടി കോൺഗ്രസിന്റെ ഭാഗമായും സംഘടനാപരമായ ദൗർബല്യങ്ങൾ വിലയിരുത്തി തെറ്റുതിരുത്താൻ കാമ്പയിൻ തന്നെ സംഘടിപ്പിച്ചു. എന്നാൽ ദൗർബല്യങ്ങൾ പലതും തുടരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. പരാജയം വിലയിരുത്തി തിരുത്തലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല. 2021 ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കാരണം, അത് അത്രയ്ക്ക് ഉയർന്നതായിരുന്നു. പക്ഷേ, ഏതാണ്ട് 2010-ലെ സ്ഥിതിയിലേക്ക് വീഴുമെന്ന് പ്രതീക്ഷിച്ചില്ല.
കേരള സർക്കാരിന്റെ വികസന മികവും നേട്ടങ്ങളും തെളിഞ്ഞുനിന്ന് കാലമാണിത് എന്നതാണ് യാഥാർത്ഥ്യം. ക്ഷേമ പ്രവർത്തന കാര്യങ്ങളിൽ സാധാരണക്കാരുടെ പ്രതീക്ഷകൾക്കപ്പുറമാണ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രഖ്യാപനങ്ങളും അവ നടപ്പായതും. കിഫ്ബി വഴിയും അല്ലാതെയും യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന വമ്പൻ പദ്ധതികളുടെ പൂർത്തീകരണ പരമ്പരയായിരുന്നു കഴിഞ്ഞ മാസങ്ങളിൽ നടന്നത്. പക്ഷേ, ഭരണവിരുദ്ധ വികാരത്തെക്കുറിച്ചാണ് മാധ്യമങ്ങൾ പറയുന്നത്. ഇത് എങ്ങനെ സംഭവിച്ചു? മറിച്ചുള്ള ആഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം സൃഷ്ടിച്ചെടുത്തത് എങ്ങനെ? അതിന് നമ്മുടെ എന്തെങ്കിലും പോരായ്മകൾ നിമിത്തങ്ങളായിട്ടുണ്ടോ?
സിപിഐ(എം)ന്റെ ഇന്നത്തെ രാഷ്ട്രീയകാഴ്ചപ്പാടിൽ ഒരു സുപ്രധാന കേന്ദ്രഘടകം ന്യൂനപക്ഷ സംരക്ഷണമാണ്. കാരണം ന്യൂനപക്ഷവിരുദ്ധ വർഗീയരാഷ്ട്രീയം അടിസ്ഥാനമാക്കിയാണ് ബിജെപി അധികാരം പിടിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. എന്നാൽ യുഡിഎഫിനാകട്ടെ കേരളത്തിൽപ്പോലും മതതീവ്രവാദങ്ങളോട് സമരസപ്പെടുന്നതിനും കോ-ലീ-ബി സഖ്യങ്ങൾ രൂപീകരിക്കുന്നതിനും മടിയില്ല.
പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഫലസ്തീൻ ഐക്യദാർഡ്യ കാമ്പയിൻ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. “ഇടത് ഹിന്ദുത്വ”യെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയുന്നത്? അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകൾ നിമിത്തങ്ങളായിട്ടുണ്ടോ?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായും സംഘടനാപരമായ ദൗർബല്യങ്ങൾ വിലയിരുത്തി തെറ്റുകൾ തിരുത്തുന്നതിന് വലിയ കാമ്പയിൻ തന്നെ സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ ഈ ദൗർബല്യങ്ങൾ പലതും തുടരുന്നൂവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അവ അടിയന്തരമായി തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എന്ത് നടപടി സ്വീകരിക്കണം?
2010-ലെ തെരഞ്ഞെടുപ്പിൽ ഇതിനേക്കാൾ മോശം പ്രകടനം കാഴ്ചവച്ചിട്ടും വിജയത്തിനോടടുത്ത പരാജയമേ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായുള്ളൂ. ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല. കാരണം, ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന ഭരണമെങ്കിലും തുടരേണ്ടത് നാടിന്റെ ആവശ്യമാണ്. ഈ വിജയം ഉറപ്പാക്കണമെങ്കിൽ പരാജയത്തെ നിശിതമായി വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് പാർടി വ്യക്തമാക്കിക്കഴിഞ്ഞു. അത് നാളത്തെ സെക്രട്ടറിയേറ്റോടെ ആരംഭിക്കുകയാണ്.
തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിക്കുള്ളത്. അത്തരമൊരു ഉയർത്തെഴുന്നേൽപ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം സാക്ഷ്യംവഹിക്കും."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

