എങ്ങോട്ടും വീശാം ഇടുക്കിക്കാറ്റ്
text_fieldsകോട്ടയം ചുങ്കം ജങ്ഷനിൽ വിവിധ പാർട്ടി പ്രവർത്തകർ നടത്തിയ കലാശ കൊട്ടിൽ നിന്ന്
തൊടുപുഴ: വോട്ട് വീഴാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ആര് പിടിമുറുക്കുമെന്ന ചോദ്യത്തിന് പിടി തരാതെ കുതറുകയാണ് ഇടുക്കിയുടെ മണ്ണ്. തോട്ടം- കാർഷിക മേഖലയിലടക്കം പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇടത് വലത് മുന്നണികൾ. മുതിർന്ന മുൻനിര നേതാക്കളെ പ്രചാരണത്തിന് എത്തിച്ച് യു.ഡി.എഫ് ആവേശം കൂട്ടിയപ്പോൾ വോട്ടർമാരെ നേരിൽ കണ്ട് അടിത്തട്ടിലേക്കിറങ്ങി എൽ.ഡി.എഫും സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കളെ എത്തിച്ച് ബി.ജെ.പിയും വേഗം പകർന്നു.
നഷ്ട പ്രതാപം തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ജില്ലാ പഞ്ചായത്ത്, രണ്ട് മുനിസിപ്പാലിറ്റി, ബ്ലോക്കുകൾ, മൂന്നിൽ രണ്ട് പഞ്ചായത്ത് എന്നിങ്ങനെ ഭരണം പിടിക്കുമെന്നാണ് അവരുടെ അവകാശവാദം. അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നാലും ഭൂരിപക്ഷം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തങ്ങൾക്കൊപ്പം നിൽക്കുന്നത് അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തുന്ന എൽ.ഡി.എഫ്, ഇത്തവണ മുനിസിപ്പാലിറ്റികളിൽ ഭരണം പിടിക്കുമെന്നും ജില്ലാ പഞ്ചായത്ത് നില നിർത്തുമെന്നും 52 ൽ 40 പഞ്ചായത്തുകളിലും അധികാരത്തിലേറുമെന്നും കണക്ക് കൂട്ടുന്നു.
പിന്നാക്ക മേഖലയിലെ ഇടപെടലും ഇടതു വലതുമുന്നണികളുടെ ഇരട്ടത്താപ്പുകളും പറഞ്ഞായിരുന്നു എൻ.ഡി.എ പ്രചാരണം. നഗരസഭകളിലും പിന്നാക്ക മേഖലകളിലും ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന് ഇവരും പ്രതീക്ഷിക്കുന്നു. കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ യു.ഡി.എഫ് കുത്തകയായിരുന്ന ജില്ലാ പഞ്ചായത്ത് കഴിഞ്ഞ തവണ എൽ.ഡി.എഫ് പിടിച്ചെടുത്തെങ്കിൽ ഇത്തവണ തിരിച്ച് പിടിക്കാൻ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കടുത്ത പ്രചാരണം കാഴ്ചവെച്ചിട്ടുണ്ട്.
വന്യ മൃഗ ശല്യവും ഭൂപ്രശ്നവും കുടിയിറക്കും കാർഷിക തോട്ടം മേഖലയിലെ പ്രശ്നങ്ങളും യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടി. ഇതിനെ പ്രതിരോധിച്ച് ഭൂപതിവ് നിയമ ചട്ട ഭേദഗതി ഉയർത്തിക്കാട്ടിയും സർക്കാരിന്റെ വികസനങ്ങൾ അക്കമിട്ട് നിരത്തിയും എൽ.ഡി.എഫ് പ്രതിരോധം തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

