വിജയ വള്ളം തുഴഞ്ഞ് യു.ഡി.എഫ്; നഗരസഭകളിൽ എൽ.ഡി.എഫിന് വലിയ നഷ്ടം
text_fieldsആലപ്പുഴ: ജില്ലയിൽ യു.ഡി.എഫ് കൈവരിച്ചത് മികച്ച നേട്ടം. എങ്കിലും എൽ.ഡി.എഫിന് മേൽക്കൈ നഷ്ടമായില്ല. എൻ.ഡി.എ നില മെച്ചപ്പെടുത്തിയെങ്കിലും ജില്ല പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുമെന്ന അവകാശവാദം നടന്നില്ല. നഗരസഭകളിൽ എൽ.ഡി.എഫിന് വലിയ നഷ്ടമുണ്ടായി. ജില്ല പഞ്ചായത്തിൽ സീറ്റുകളിൽ പിന്നാക്കം പോയെങ്കിലും ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് മാത്രം ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ് ഇത്തവണ നാലിടത്ത് ഭരണത്തിലെത്തും.
ഗ്രാമപഞ്ചായത്തുകളിൽ 51 ഇടത്ത് ഭരണമുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ 37ലേക്ക് ഒതുങ്ങി. ഒമ്പതിടത്ത് തൂക്കുസഭയാണ്. കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എ ഭരണം ഉറപ്പിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപന ഭരണം എൻ.ഡി.എക്ക് ലഭിക്കുന്നത്. ആറ് മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞ തവണ 03 - 03 എന്ന അനുപാതത്തിൽനിന്ന് ഇത്തവണ എൽ.ഡി.എഫ് ചേർത്തല നഗരസഭയിൽ മാത്രമായി ഒതുങ്ങി. ബുധനൂർ, തിരുവൻവണ്ടൂർ, കാർത്തികപ്പള്ളി, ചെന്നിത്തല തൃപ്പെരുന്തുറ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും വലിയ കക്ഷി എൻ.ഡി.എയാണെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും ചേർന്നാൽ ഭരണം അവർ കൈക്കലാക്കും.
കഴിഞ്ഞ തവണ ജില്ലയിൽ ഒരു ബ്ലോക്ക് പഞ്ചായത്തംഗം മാത്രമാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇത്തവണ ഏഴായി. ഗ്രാമപഞ്ചായത്തുകളിൽ 199 അംഗങ്ങളെയും മുനിസിപ്പാലിറ്റിയിൽ 34 പേരെയും അവർക്ക് വിജയിപ്പിക്കാനായി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ വലിയ മുന്നേറ്റമാണ് യു.ഡി.എഫിനുണ്ടായത്. വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചുകയറി. സംസ്ഥാന ഭരണത്തിനെതിരായ വികാരം ജില്ലയിൽ ശക്തമായിരുന്നുവെന്നാണ് യു.ഡി.എഫും എൻ.ഡി.എയും കൈവരിച്ച നേട്ടത്തിൽനിന്ന് തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

