വിവാദങ്ങളെ അതിജീവിച്ചു; ജനക്ഷേമ വികസനം വോട്ടാകുമെന്ന വിശ്വാസത്തിൽ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: സി.പി.എമ്മിനും സർക്കാറിനും ക്ഷതമേൽപിച്ച വിവാദങ്ങളെ ഒരുപരിധിവരെ അതിജീവിക്കാനായെന്നും വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടാകുമെന്നുമുള്ള വിശ്വാസത്തിൽ എൽ.ഡി.എഫ്. തദ്ദേശ സ്ഥാപനങ്ങളിലെ മേൽക്കൈ നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ. കോർപറേഷനുകളിലും ജില്ല പഞ്ചായത്തുകളിലുമുള്ള ആധിപത്യം കൈവിടാതിരിക്കാൻ പാർട്ടി ജില്ല കമ്മിറ്റികൾ നേരിട്ട് പ്രചാരണത്തിന് നേതൃത്വം വഹിച്ചത് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ എ. പത്മകുമാറടക്കം അറസ്റ്റിലായതോടെ പാർട്ടിയും സർക്കാറും പ്രതിക്കൂട്ടിലായതാണ് വലിയ തിരിച്ചടി. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണവും കേസും ‘രക്ഷ’യായി. അവസാന ലാപ്പിൽ ശബരിമലക്കപ്പുറം രാഹുൽ വിഷയം കത്തിക്കയറി.
മാധ്യമങ്ങൾ ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചില്ല. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കിയതും ഇത് 62 ലക്ഷത്തോളം ഗുണഭോക്താക്കളിലെത്തിച്ചതും നേട്ടമാണ്. സ്ത്രീകൾക്ക് മാസം ആയിരം രൂപ ലഭിക്കുന്ന സുരക്ഷ പദ്ധതി പ്രഖ്യാപിച്ചതും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
2020ലെ തെരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ 90ലേറെ ഇടങ്ങളിൽ മേധാവിത്വം നേടാനായി. തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റുമായി പിണറായി സർക്കാറിന് തുടർഭരണവും ലഭിച്ചു. മൂന്നാം ഇടതു സർക്കാർ മുന്നിൽ കാണുന്ന എൽ.ഡി.എഫ് ഇതേ സ്ട്രാറ്റജിയാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിൽ ഏഴിൽ ആറ് ജില്ല പഞ്ചായത്തും മൂന്നിൽ മൂന്ന് കോർപറേഷനും 39ൽ 18 മുനിസിപ്പാലിറ്റിയും 75ൽ 58 ബ്ലോക്ക് പഞ്ചായത്തും 470ൽ 292 ഗ്രാമപഞ്ചായത്തുകളും രണ്ടാം ഘട്ടത്തിൽ മൂന്നിൽ രണ്ട് കോർപറേഷനും ഏഴിൽ അഞ്ച് ജില്ല പഞ്ചായത്തും 48ൽ 26 മുനിസിപ്പാലിറ്റിയും 77ൽ 55 ബ്ലോക്ക് പഞ്ചായത്തും 471ൽ 222 ഗ്രാമപഞ്ചായത്തുമാണ് മുന്നണിക്ക് നിലനിർത്തേണ്ടത്. ഇതിൽ ചിലത് കൈവിടുകയും മറ്റുചിലത് ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുമ്പോഴും എറണാകുളം, മലപ്പുറം ജില്ലകളിൽ മേധാവിത്വം പ്രതീക്ഷിക്കുന്നില്ല. സ്വർണക്കൊള്ള തിരിച്ചടിച്ചാൽ മാധ്യകേരളത്തിൽ ക്ഷീണമുണ്ടാകും.
തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് ശക്തമായ മത്സരം കാഴ്ചവെക്കുന്നതിനാൽ എൻ.ഡി.എക്ക് സീറ്റ് വർധിക്കില്ലെന്നും 45 വർഷമായി തുടരുന്ന ഭരണം നിലനിർത്താനാകുമെന്നുമാണ് മുന്നണിയുടെ കണക്കുകുട്ടൽ. കൊച്ചി, കണ്ണൂർ കോർപറേഷനുകളിലെ വിജയം ത്രിശങ്കുവിലാണ്. ജില്ല പഞ്ചായത്തുകളിൽ അഞ്ചിടത്ത് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

