പ്രചാരണത്തിൽ മുന്നണികൾ ഒപ്പത്തിനൊപ്പം
text_fieldsപത്തനംതിട്ട: സ്വർണക്കൊള്ളക്കൊപ്പം രാഹുലും നിറയുന്ന പത്തനംതിട്ടയുടെ പോരിടത്തിൽ പ്രചാരണം ഒപ്പത്തിനൊപ്പം. മുൻ എം.എൽ.എ കെ.സി. രാജഗോപാലിനെ മുന്നിൽനിർത്തി കഴിഞ്ഞ തവണത്തെ മേധാവിത്തം നിലനിർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ, വൻ തർക്കങ്ങൾ ഒഴിഞ്ഞുനിന്നതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. സി.പി.എം നേതാവും ആറന്മുള മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാൽ മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മത്സരിക്കുന്നത്.
ഇരുമുന്നണികൾക്കും ഭീഷണിയായി വിമതരും കളത്തിലുണ്ട്. എന്നാൽ, മുൻ വർഷങ്ങളിലേതുപോലെ കൂട്ടശല്യമില്ലെന്നത് യു.ഡി.എഫിന് ആശ്വാസമാണ്. അതിനിടെ, ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനെ ചൊല്ലിയുള്ള പൊട്ടിത്തെറിക്ക് പരിഹാരം കാണാൻ കോൺഗ്രസിനായിട്ടില്ല. യു.ഡി.എഫ് കോഴഞ്ചേരി ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബഹിഷ്ക്കരിച്ചതും തിരിച്ചടിയായി. അടൂർ, പത്തനംതിട്ട നഗരസഭകളിലടക്കം എൽ.ഡി.എഫിനും വിമത ഭീഷണിയുണ്ട്. എൻ.ഡി.എക്ക് സിറ്റിങ് സീറ്റിലടക്കമാണ് വിമതരെ നേരിടേണ്ടത്.
കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ നാല് സീറ്റിൽ ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ കരുത്തരെ രംഗത്തിറക്കി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പരിചയ സമ്പന്നർക്കൊപ്പം യുവാക്കളെയും അവതരിപ്പിച്ചാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ ഏബ്രഹാം കോന്നി ജില്ല പഞ്ചായത്ത് ഡിവിഷനിൽ എൽ.ഡി.എഫിനായി പോരിനിറങ്ങുന്നു.
ആർ.ജെ.ഡി ജനറൽ സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. വർഗീസ് ജോർജിന്റെ മകൾ സി.പി.എം സ്വതന്ത്രയായി മത്സരിക്കുന്നതും കൗതുകമാണ്. ജില്ല പഞ്ചായത്ത് സീറ്റ് വിഭജനത്തെചൊല്ലി ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലെ രൂക്ഷമായ തർക്കം അവസാനനിമിഷം വരെ നീണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചതോടെ എൻ.ഡി.എയും കളത്തിൽ സജീവമാണ്. അടൂർ നഗരസഭയിലെ എട്ടിടത്ത് അടക്കം ജില്ലയിൽ 35ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പന്തളത്ത് കടുത്ത മത്സരമാണ് ഇക്കുറി. പാർട്ടിക്കുളളിലെ പോരും ബി.ജെ.പിക്ക് തിരിച്ചടിയാണ്.
പത്തനംതിട്ട ജില്ല
ജില്ല പഞ്ചായത്ത്
ഡിവിഷനുകൾ 17
സ്ഥാനാർഥികൾ 54
ബ്ലോക്ക് പഞ്ചായത്ത് (ഏട്ട്)
വാർഡുകൾ 114
സ്ഥാനാര്‍ഥികള്‍ 345
ഗ്രാമ പഞ്ചായത്ത് (53)
വാർഡുകൾ 833
സ്ഥാനാര്‍ഥികള്‍ 2723
മുനിസിപ്പാലിറ്റി (നാല്)
വാർഡുകൾ 135
സ്ഥാനാര്‍ഥികള്‍ 441
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

