തദ്ദേശ സ്ഥാപനങ്ങൾ അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയെന്ന് വിജിലൻസ്
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ കൈക്കൂലിയിലും രാഷ് ട്രീയ അഴിമതിയിലും മുങ്ങിയെന്ന് വിജിലൻസ് റിപ്പോർട്ട്. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ സംസ്ഥാനത്തെ നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ അനുമതിയിലെ അപാകതകൾ കണ്ടെത്തുന്നതിനായി 22 മുതലാണ് മിന്നൽ പരിശോധന തുടങ്ങിയത്. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമാണ അനുമതി നൽകുന്നതായി കണ്ടെത്തി. കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി പൂർത്തീകരിച്ച കെട്ടിടങ്ങൾക്കും ചില ഉദ്യോഗസ്ഥർ നമ്പർ അനുവദിച്ചു.
ആറ് കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത 53 മുൻസിപ്പാലിറ്റികളുടെ ഉൾപ്പെടെ 59 ഓഫീസുകളിലാണ് പരിശോധന ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്. അനധികൃത കെട്ടിടങ്ങൾക്ക് ചില ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി കൈക്കൂലി വാങ്ങി സഞ്ചയ സോഫ്റ്റ്‌വെയർ വഴി കെട്ടിട നമ്പർ നൽകിയെന്നാണ് കണ്ടെത്തൽ.
സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവർക്ക് അനുവദിച്ച യൂസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് കെട്ട നിർമാണ അനുവദിക്കാനുള്ള ഐ.ബി.പി.എം.എസ് ഉപയോഗിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതായും വ്യക്തമായി. ചില കരാർ ജീവനക്കാരും ഉപയോഗിക്കുന്നവർക്ക് അനുവദിച്ചതായി കണ്ടെത്തി.
കോർപ്പറേഷൻ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങി നികുതി കുറച്ച് കൊടുക്കുന്നു. സ്ഥലപരിശോധക്കെത്തുന്ന എൻജിനീയറിങ് വിഭാഗം ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സ്ഥലത്തെ യാഥാർഥ വിവരങ്ങൾ രേഖപ്പെടുത്താണ് പ്ലാനുകൾ അംഗീകരിച്ചു നൽകുന്നു. അനുമതി പ്രകാരമല്ലാതെ കെട്ടിടം പൂർത്തീകരിച്ച ശേഷം തെറ്റായ റിപ്പോർട്ട് വാങ്ങി നമ്പർ നൽകുന്നു.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ നടന്ന മിന്നൽ പരിശോധനയിൽ കരാർ ജീവനക്കാർ അസിസ്റ്റൻറ് എൻജിനീയറുടെയും ഓവർസീയറുടെയും ഐ.ഡി, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തനം നടത്തി. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ സെക്രട്ടറിയുടെ യൂസർ ഐ.ഡി, പാസ് വേർഡ് എന്നിവ മറ്റു ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതായി കണ്ടെത്തി.
കണ്ണൂരിലെ പാനൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ പോലുമില്ലാതെ നാല് കെട്ടിടങ്ങൾക്കും തിരുവനന്തപുരത്ത് കുന്നുകുഴിയൽ ഒരു കെട്ടിത്തിനും നമ്പർ നൽകി. തിരുവനന്തപുരം കോർപ്പറേഷനിൽ വഞ്ചിയൂർ ഡോക്ടറുടെ ഉടമസ്ഥതയിയുള്ള ഷോപ്പിങ് കോംപ്ലക്സിന് സ്ഥലപരിശോധന നടത്താതെ നിർമാണ അനുമതി നൽകി. അതിന്റെ ഫയലുകൾ പൂഴ്ത്തി.
കൊച്ചിയിൽ വൈറ്റില സോണൽ ഓഫീസ് പരിധിയിലും ഇടപ്പള്ളി സോണൽ ഓഫീസ് പരിധിയിലും കെട്ടിടനിർമാണ ചട്ടം കാറ്റിൽ പറത്തി നിർമാണം പൂർത്തിയാക്കിയ നിരവധി കെട്ടിടങ്ങൾ വിജിലൻസ് കണ്ടെത്തി. ഇടപ്പള്ളിയിൽ വെണ്ണല ജനതാ റോഡിലെ മൂന്നുനില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിർമ്മിച്ചു. കാസർകോട് മുൻസിപ്പാലിറ്റി പരിധിയിൽ 45 അനധികൃത നിർമാണങ്ങൾക്ക് അനുമതി നൽകി. തുടർന്ന് കംപ്ലീഷൻ സർട്ടിഫിക്കറ്റും നൽകി.
പന്തളം മുനിസിപ്പാലിറ്റിയിൽ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങൾക്കും നമ്പർ നൽകി. ഈ മുൻസിപ്പാലിറ്റി പരിധിയിലും തിരുവനന്തപുരം കോർപ്പറേഷൻ കടകംപള്ളി സോണൽ ഓഫീസിലും തൃപ്പൂണിത്തുറ, വർക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തൽമണ്ണ, ഗുരുവായൂർ മുൻസിപ്പാലിറ്റികളിലും കെട്ടിട നിർമാണ ചട്ടം നിർമാണ ലംഘനങ്ങൾ നിരവധിയാണ്.
മഞ്ചേരി മുൻസിപ്പാലിറ്റിയിൽ പൂർത്തീകരിക്കാത്ത കെട്ടിടങ്ങൾക്ക് കെട്ടിടം നമ്പർ നൽകിയിട്ടുള്ളതായി കണ്ടെത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ എൻജിനീയറിങ് വിഭാഗത്തിന്റെ സഹായത്തോടു കൂടി പ്ലാനിൽ നിന്ന് വ്യത്യസ്തമായി അനധികൃത നിർമാണത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു. കോട്ടയം മുൻസിപ്പാലിറ്റിയിൽ നിർമാണ ചട്ടങ്ങൾ ലംഘിച്ച നിർമാണങ്ങൾക്ക് അനുമതി നൽകി. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ കെട്ടിടം നിർമാണ അപേക്ഷയുമായി ബന്ധപ്പെട്ട് ഫീസ് ആയി സ്വീകരിച്ച 25 ലക്ഷത്തോളം രൂപ ട്രഷറിയിൽ യഥാസമയം അടച്ചിട്ടില്ല.
പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ നടന്ന പരിശോധനയിൽ ഒരു ബാർ ഹോട്ടലിൽ പല മുറികൾക്കും പല നമ്പർ അനുവദിച്ചു. മൊത്തം ഏരിയ കുറച്ച് കാണിക്ക് നികുതി ഇനത്തിൽ സർക്കാരിന് വലിയ നഷ്ടം സംഭവിച്ചു. കണ്ണൂർ കോർപ്പറേഷനിൽ 10 വാണിജ്യ സമുച്ചയങ്ങളുടെ നികുതി അനധികൃതമായി കുറച്ച് നൽകി. സർക്കാരിന് 80 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. സുൽത്താൻബത്തേരിയിൽ നികുതി കണക്കാക്കുന്നതിൽ അപാകത കണ്ടെത്തി. കേണിച്ചിറ പൂത്താടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥലപരിശോധന കൂടാതെ കെട്ടിട നമ്പർ അനുവദിച്ചു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ കൈക്കൂലി വാങ്ങി നികുതി നിശ്ചയിക്കുന്നു. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി പാറയിൽപള്ളിക്ക് സമീപമുള്ള ഒരു വാണിജ്യ സമുച്ചയത്തിന് നാലു നിലകളും 369 മീറ്റർ സ്ക്വയർ വിസ്തീർണ കെട്ടിടത്തിന് വെറും 100 മീറ്റർ സ്ക്വയറിന് മാത്രം ടാക്സ് അടച്ച് പ്രവർത്തിക്കുന്നു.
മണ്ണാർക്കാട്, പട്ടാമ്പി മുൻസിപ്പാലിറിറികളിൽ കെട്ടിട നിർമാണ അനുമതിക്ക് വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് അനുമതി നൽകി. തൃശ്ശൂർ കോർപ്പറേഷനിലെ ശക്തൻ ബസ് സ്റ്റാൻഡിനു സമീപം നിർമാണ ചട്ടങ്ങൾ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിർമാണ ശേഷം അനുമതി നൽകി. കോർപ്പറേഷനിലെ പാലയംറോഡിൽ റെസിഡൻഷ്യൽ ആവശ്യത്തിന് അനുമതി വാങ്ങി നിർമ്മിച്ച ഫ്ലാറ്റ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ വയൽ നികത്തി നിർമിച്ച പണി പൂർത്തിയാക്കിയ ബഹുനില വാണിജ്യ സമുച്ചയത്തിന് നമ്പർ നൽകി.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് പോകുന്ന പഴയ ഹൈവേ കൈയേറി വാണിജ്യ കെട്ടിടം അനധികൃതകമായി നിർമ്മിച്ചു. ഹരിപ്പാട് ആശുപത്രി ജംങ്ഷനിലെ വാണിജ്യ സമുച്ചയത്തിന് അനുമതി കൂടാതെ രണ്ട് നിലകൾ കൂടി നിർമിച്ചു. പുനലൂർ മുനിസിപ്പാലിറ്റിയിൽ 139 ഓളം അനധികൃത കെട്ടിട നിർമാണങ്ങൾ നടത്തിയത് പരിശോധനയിൽ വിജിലൻസ് കണ്ടെത്തി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ യഥാർഥ ഏരിയയെക്കാൾ കുറച്ചു കാണിച്ച എട്ടുക്കെട്ട് നിർമാണ ഫയലുകൾ പിടിച്ചെടുത്തു.
രാമനാട്ടുകര മുൻസിപ്പാലിറ്റി നെൽവയലുകൾക്ക് ആർ.ടി.ഒയുടെ അനുമതി കൂടാതെ വീട് -വാണിജ്യ സമുച്ചയങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി. കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ അനധികൃതമായി നെൽവയൽ നികത്തി കെട്ടിടം പണിയുന്നതിന് അനുമതി നൽകി. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ ഒരു ഹോട്ടലും അമരവിളയിലെ വാണിജ്യ കെട്ടിടം അനധികൃതമായി വയൽ നികത്തി നിർമ്മിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

