വായ്പ ക്രമക്കേട്: സഹ. ബാങ്ക് മുൻ എം.ഡി അടക്കം 12 പേർക്കെതിരെ അന്വേഷണം
text_fieldsമൂവാറ്റുപുഴ: സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ വിജിലൻസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി, വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന സഹകരണ ബാങ്ക് മുൻ എം.ഡിയും പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹ അടക്കം 12 പേർക്കെതിരെയാണ് അന്വേഷണം.
അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. 2002-2003ൽ നടന്ന അഴിമതിക്കേസിൽ അഴിമതി നിരോധന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരം സംസ്ഥാന സർക്കാറിെൻറ അനുവാദം വാങ്ങിയ ശേഷം വീണ്ടും അന്വേഷിക്കാനാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉത്തരവിട്ടത്. കൊച്ചിയിലെ ജിയോ ഫ്രാങ്ക് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന് 3.50 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. ഈ സ്ഥാപനം രണ്ട് ബാങ്കുകളിൽനിന്ന് എടുത്ത വായ്പ കുടിശ്ശികയായതിനെത്തുടർന്ന് സംസ്ഥാന സഹകരണ ബാങ്ക് ഏറ്റെടുത്തു. 3.50 കോടിയുടെ ഈ വായ്പയും കുടിശ്ശികയായി. കോഓപറേറ്റിവ് സൊസൈറ്റി രജിസ്ട്രാർ സർക്കാറിന് നൽകിയ പരാതിയിൽ നടന്ന വിജിലൻസ് അന്വേഷണത്തിൽ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്തു.
ബിശ്വനാഥ് സിൻഹക്ക് പുറമെ സംസ്ഥാന സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ജോൺ ദാനിയേൽ, ജിയോ ഫ്രാങ്കോ എൻറർപ്രൈസസ് പങ്കാളികളായ ജോർജ് അഗസ്റ്റിൻ, ഭാര്യ ഗീത ജോർജ്, സഹകരണ ബാങ്ക് മുൻ ഭാരവാഹികളായ കെ.ആർ. അരവിന്ദാക്ഷൻ, എം.കെ. രാഘവൻ കണ്ണൂർ, ജെ. രവീന്ദ്ര രാജു, ശൂരനാട് രാജശേഖരൻ കൊല്ലം, കുര്യൻ ജോയി കോട്ടയം, പി.എ. അബ്ദുൽഹമീദ് കോട്ടയം, ടി. മോഹനൻ, പി.ആർ.എൻ. നമ്പീശൻ തൃശൂർ എന്നിവരാണ് പ്രതികൾ. വായ്പ അപേക്ഷ സ്വീകരിക്കൽ മുതൽ അനുവദിക്കൽവരെ വിവിധ ഘട്ടങ്ങളിൽ മാർഗനിർദേശങ്ങളെല്ലാം ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി.