കൊച്ചി: സിബില്‍ സ്കോര്‍ ഇല്ലാതെ വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നൂറുകണക്കിനാളുകളുടെ പക്കല്‍നിന്ന് കോടികള്‍ കൈക്കലാക്കി മുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പുതുക്കോട്ട സ്വദേശികളായ രാമലിംഗം (53), ഷണ്മുഖവേല് നമശിവായം (40) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.
2020 ജനുവരിയില്‍ എറണാകുളം എം.ജി റോഡില്‍ 'മണി മാക്സ് ഹോംഫിന്‍' എന്ന പേരിലാണ് പ്രതികള്‍ സ്ഥാപനം തുടങ്ങിയത്. വായ്പ തരപ്പെടുത്തി നല്കാൻ 10 ശതമാനം കമീഷൻ അഡ്വാന്‍സായി ഇവര്‍ വാങ്ങും. അഞ്ചുമാസം കൊണ്ട് വായ്പ സംഘടിപ്പിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ചേരാനല്ലൂരിൽ ഇവർ വീട് വാടകക്കെടുത്ത് താമസിച്ചു. ഈ വിലാസത്തില്‍ ആധാര്‍ കാര്‍ഡും സംഘടിപ്പിച്ചു. ഓഫിസ് കെട്ടിടം അടക്കം വാടകക്കെടുത്തതും മറ്റ് ഇടപാടുകള്‍ നടത്തിയതും ആധാര്‍ കാര്‍ഡിലെ വിലാസത്തിലാണ്.
നൂറുകണക്കിന് പേരിൽനിന്ന് അഡ്വാന്‍സായി കോടികള്‍ കൈയിലെത്തിയതോടെ പ്രതികള്‍ മുങ്ങി. ഇതോടെ നിരവധി പേരാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. തുടർന്ന് സെൻട്രൽ സി.ഐ വിജയശങ്കറിെൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങുകയായിരുന്നു. സൈബര്സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തമിഴ്നാട് പുതുക്കോട്ടയിലാണെന്ന് തിരിച്ചറിഞ്ഞു. നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്.
അന്വേഷണസംഘത്തില്‍ എസ്.ഐ പ്രേംകുമാര്‍, എ.എസ്.ഐ ഇ.എം. ഷാജി, സീനിയര്‍ സി.പി.ഒ അനീഷ്, സി.പി.ഒമാരായ ഇഗ്നേഷ്യസ്, റെജി, രാജേഷ് എന്നിവരുമുണ്ടായിരുന്നു.