മൂന്ന് വർഷത്തിനിടെ ലോൺ ആപ്പുകൾ തട്ടിയെടുത്തത് 70 കോടി; ഇരകളേറെയും മലപ്പുറത്ത്നിന്നുള്ളവർ
text_fieldsതിരുവനന്തപുരം: മൂന്ന് വർഷത്തിനിടെ വിവിധ ലോൺ ആപ്പുകൾ കേരളത്തിൽനിന്ന് തട്ടിയെടുത്തത് 70 കോടി രൂപയെന്ന് പൊലീസ് റിപ്പോർട്ട്. ഇരകളിൽ കൂടുതലും മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്. പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് പൊലീസ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇരയാകുന്നവരിൽ അഞ്ചിൽ ഒരാൾ വീട്ടമ്മമാരാണ്. ഇത്തരം തട്ടിപ്പുകേസുകളിൽ 20 ശതമാനംപേർ മാത്രമാണ് കേസ് നൽകാൻ തയ്യാറാകുന്നത്.പണമിടപാടുകൾ ഭൂരിഭാഗവും രാജസ്ഥാൻ, ബിഹാർ, സംസ്ഥാനങ്ങളിൽ നിന്നാണ്.
ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ നേരിട്ട് പോകാതെതന്നെ മൊബൈൽ ഫോൺ വഴി വേഗത്തിൽ വായ്പ ലഭ്യമാക്കുന്ന ആപ്ലിക്കേഷനുകളാണ് ലോൺ ആപ്പുകൾ. എന്നാൽ, ഇത്തരം ആപ്പുകൾ നൽകുന്ന വേഗത്തിലുള്ള പണം പലപ്പോഴും വലിയ ചതിക്കുഴികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാധാരണ ബാങ്കുകൾ വർഷത്തിൽ 10മുതൽ 20ശതമാനം വരെ പലിശ ഈടാക്കുമ്പോൾ, തട്ടിപ്പ് ആപ്പുകൾ പ്രതിവാരം അല്ലെങ്കിൽ പ്രതിദിനം എന്ന കണക്കിലാണ് പലിശ കൂട്ടുന്നത്. ഇത് കണക്കാക്കിയാൽ വർഷത്തിൽ 100 മുതൽ 500 ശതമാനം വരെ പലിശയായി വരാം. കൂടാതെ ‘പ്രോസസിങ്’ ഫീഎന്ന പേരിൽ ലോൺ തുകയുടെ വലിയൊരു ഭാഗം അവർ മുൻകൂട്ടി പിടിക്കുകയും ചെയ്യും.
ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മൾ അറിയാതെതന്നെ ഫോണിലെ പല അനുമതികളും (Permissions) നൽകേണ്ടി വരുന്നു. ഇതിലൂടെ അവർ
കോൺടാക്റ്റ് ലിസ്റ്റ്, ഗാലറിയിലെ ഫോട്ടോകൾ, ലൊക്കേഷൻ, മെസേജുകൾ എന്നിവ ചോർത്തുന്നു. തിരിച്ചടവ് മുടങ്ങുമ്പോൾ ഈ വിവരങ്ങൾ ഉപയോഗിച്ചാണ് അവർ നിങ്ങളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നത്.
ലോൺ തിരിച്ചടക്കാൻ വൈകിയാൽ നിങ്ങളുടെ ഗാലറിയിൽനിന്നെടുത്തടുത്ത ഫോട്ടോകൾ മോശമായ രീതിയിൽ എഡിറ്റ് (Morphing) ചെയ്യുകയും, അത് നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ മാനസിക പീഡനം പലരെയും ആത്മഹത്യയിലേക്കുവരെ നയിക്കാറുണ്ട്.
പരസ്യത്തിൽ മാസങ്ങളോളം കാലാവധി പറയുമെങ്കിലും, യഥാർത്ഥത്തിൽ ഏഴ് ദിവസം മാത്രമായിരിക്കും പലപ്പോഴും കാലാവധി നൽകുന്നത്. ഏഴാം ദിവസം പണം അടച്ചില്ലെങ്കിൽ അന്നേ ദിവസം മുതൽ ഭീഷണികൾ തുടങ്ങും.
ഒരു ലോൺ അടച്ചു തീർക്കാൻ കഴിയാതെ വരുമ്പോൾ, അവർ തന്നെ മറ്റൊരു ആപ്പിന്റെ ലിങ്ക് അയച്ചു തരികയും അതിൽനിന്ന് ലോൺ എടുത്ത് പഴയത് അടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പോയി ലക്ഷങ്ങളുടെ കടക്കെണിയിൽ കുടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

